2005 ഒക്ടോബര്‍ 19.
സമയം രാത്രി 11 ആകുന്നു.
മെന്‍സ് ഹോസ്റ്റലിലെ ഓള്‍ഡ് ബ്ലോക്കിന്റെ രണ്ടാം നിലയില്‍ അങ്ങേ അറ്റത്തെ മുറി, മുജീബ് അകത്തു നിന്ന് ബലമായി അടച്ചിട്ടിട്ട് കുറെ സമയമായിരിക്കുന്നു.
അവന്‍ അത് എങ്ങനെയോ മണത്തു അറിഞ്ഞിരിക്കുന്നു.
അതെ
അടുത്ത ദിവസം അവന്റെ പിറന്നാള്‍ ആണ്.
'മത്ത'യുടെ നേതൃത്വത്തില്‍ ആരൊക്കെയോ ചേര്‍ന്ന് മുജീബിനെ രാത്രി 12 ആകുമ്പോള്‍ ഒന്ന് കുളിപ്പിക്കാന്‍ പ്ലാന്‍ ചെയ്യുന്നുണ്ടത്രേ.
(ലൈബ്രറി സയന്‍സ് പഠിക്കുന്ന ഒരു പയ്യനെ ഹോസ്റ്റലില്‍ അറിയുന്നത് "മത്ത" എന്ന പേരിലാണ്.
ഒറിജിനല്‍ പേര് എന്താണെന്ന് ആര്‍ക്കും നിശ്ചയമില്ല...!)
ഹോസ്റ്റലിലും കാമ്പസിലും ഇത്ര സ്ട്രോങ്ങ് നെറ്റ്‌വര്‍ക്ക് ഉള്ള മുജീബിനോടാണോ കളി.
സംഭവം അവന്‍ നേരത്തെ അറിഞ്ഞിരിക്കുന്നു.
അങ്ങനെ ആരെങ്കിലും വന്നു വെള്ളമോഴിക്കുമ്പോ നിന്ന് കൊടുക്കുന്ന ആളൊന്നുമല്ല ഞാന്‍..
വാതില്‍ അകത്തു നിന്ന് പൂട്ടിയാല്‍ പോരെ?
പിന്നെ ആര് വന്നു വെള്ളമൊഴിക്കും. അത് കാണാമല്ലോ.
മുജീബ് നേരത്തെ ഭക്ഷണം കഴിച്ചു ഹോസ്റ്റല്‍ മുറി അകത്തു നിന്ന് ഭദ്രമായി പൂട്ടിയിട്ടു.
ഇനി ആരെ പേടിക്കാന്‍...
സമയം 12 ആയി.
മുജീബിന്റെ വാതിലില്‍ ഒരു മുട്ട് കേട്ടു.
"മുജീബ്, വാതില്‍ തുറന്നെ. ഒരു അത്യാവശ്യ കാര്യം ഉണ്ട്."
മത്തയുടെ തൃശ്ശൂര്‍ സ്ലാംഗ് ഓള്‍ഡ് ബ്ലോക്കില്‍ ഉയര്‍ന്നു.
"ഹി..ഹി.. ഹി....മോനെ മത്തെ, കളി എന്നോടാണോ, നീ എന്തിനാ വന്നതെന്ന് അറിയാം. വെള്ളവും ബക്കറ്റും കൊണ്ട് പോയി ബാത്ത് റൂമില്‍ വയ്ക്കെടാ. എന്റെ പിറന്നാള്‍ നീ ഇത്ര ബുദ്ധി മുട്ടി ആഘോഷിക്കേണ്ട... പോ മോനെ..."
"ഇതിപ്പോ ആരാ ഇവനോട് പറഞ്ഞെ?..ഇവന്‍ എങ്ങനെ ഇതറിഞ്ഞു?"
തൊട്ടടുത്ത് ബക്കറ്റു നിറയെ വെള്ളവുമായി നില്‍ക്കുന്നവനോട് മത്ത മന്ത്രിച്ചു.
നിരാശനായോ?
ഹേയ്..!!
"ഡാ മുജീബെ, അതിനോന്നുമല്ല, നീ വാതില്‍ തുറക്കൂ. ഒരു കാര്യം പറയട്ടെ."
വീണ്ടും തൃശൂര്‍ സ്ലാംഗ്.
"വേണ്ട മോനെ. ഇനി നീ എന്ത് പറഞ്ഞാലും ഞാന്‍ വാതില്‍ തുറക്കൂല..പോയി കിടന്നുറങ്ങെടാ. "
കല്പേനി ദ്വീപിന്റെ ഹോസ്റ്റലിലെ പ്രതിനിധിയോടാണ് കളി.
ഇനി അവിടെ നിന്നിട്ട് കാര്യമില്ലെന്ന് മത്തയ്ക്ക് തോന്നി.
ബക്കറ്റു നിറയെ വെള്ളവുമായി മത്തയും ടീമും ഹോസ്റ്റലിനു വെളിയിലേക്കിറങ്ങി.
"ഡാ , ഇതങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. അവനെ ഇന്ന് കുളിപ്പിച്ചില്ലെങ്കില്‍ നാണക്കേടാണ്"..
"ബേ....ബേ....ബേ...."
ഹോസ്റ്റലില്‍ കുട്ടികളെക്കാള്‍ കൂടുതല്‍ എണ്ണം ഉള്ള പശുക്കള്‍ ആണ് മത്തയുടെ ആത്മഗതതോട് പ്രതികരിച്ചത്.
മെന്‍സ് ഹോസ്റ്റലില്‍ ധാരാളം ശ്രീ കൃഷ്ണന്മാര്‍ ഉള്ളത് കൊണ്ട് ഗോക്കള്‍ക്ക് തീരെ പഞ്ഞമില്ല.
ഐശ്വര്യത്തിന്റെ സൈറന്‍ മുഴങ്ങുന്നതുപോലെ ഉള്ള അവറ്റകളുടെ കരച്ചില്‍ കേട്ടാണ് അമ്പാടി ഉറങ്ങുന്നതും ഉണ്ണുന്നതും.
"....എടാ...!!!"
മത്തയ്ക്ക് വല്ല ബോടോധയവും ഉണ്ടായോ?
പെട്ടെന്ന് ചാടി എഴുനേറ്റു ഗോക്കളുടെ കൂട്ടത്തെ നോക്കി നില്‍ക്കുകയാണ് മത്ത.
"അളിയാ...നമുക്കിന്നു മുജീബു ഖാന്‍ മോന് ഒരു നല്ല പണി തന്നെ കൊടുക്കണം...വാ...!! "
ഇത് പറഞ്ഞു കക്ഷി നേരെ പശുവിന്റെ അടുത്തേക്ക് നീങ്ങി.
സമയം അപ്പൊ 12 . 30 ആയിക്കാണും.
മത്തയുടെ കണക്കു കൂട്ടല്‍ പിഴച്ചില്ല.
"ഡാ.. ആ ബക്കറ്റു കൊണ്ടുവന്നേ....."
അവിടവിടെ നിരവധി ചാണക കൂനകള്‍!!!
കമ്പും ഇലയും ഒക്കെ കൊണ്ട് കക്ഷി കുറെ ചാണകം ബക്കറ്റിലെ വെള്ളത്തില്‍ കലക്കി.
"നീ എന്താടാ ചെയ്യാന്‍ പോകുന്നെ?"
ആര്‍ക്കോ സംശയം.
"മിണ്ടാതെ പോയെ... അളിയന് ഇന്ന് ഒരു പണി കൊടുക്കണം,"
കുനിഞ്ഞിരുന്നു ചാണക വെള്ളം കലക്കുന്ന മത്ത, മെല്ലെ തല ഉയര്‍ത്തി നോക്കി.
രണ്ടാം നിലയില്‍ മുജീബിന്റെ മുറിയില്‍ വെളിച്ചമുണ്ട്.
ഉറങ്ങിയിട്ടില്ല.
ഒരു ബക്കറ്റു നിറയെ ചാണക വെള്ളവുമായി ഹോസ്റ്റലിന്റെ രണ്ടാം നിലയിലേക്ക് വീണ്ടും മത്തയും ടീമും പടികള്‍ കയറി.
"മുജീബ് ഇനി വാതില്‍ തുറക്കില്ല. വെറുതെ കാത്തിരുന്നിട്ടു കാര്യമില്ല. "
ആരുടെയോ അഭിപ്രായം ഉയര്‍ന്നു.
"ശരിയാ. ഇപ്പൊ എന്താ ചെയ്ക....ഒന്നുമില്ല. അവന്‍ വാതില്‍ തുറക്കുന്നതുവരെ കാത്തിരുന്നാല്‍ പോരെ. വാതില്‍ തുറക്കുന്നത് വരെ നില്‍ക്കാം."
മത്ത പിന്മാറുന്ന ലക്ഷണമേ ഇല്ല.
"വാതിലിന്റെ അടുത്ത് നിന്നാല്‍ അവന്‍ തുറക്കില്ല. ഉറപ്പാണ്."
വീണ്ടും പ്രതിസന്ധി.
"ഒരു കാര്യം ചെയ്യാം. വാ.."
മത്തയ്ക്ക് വീണ്ടും ബള്‍ബ് കത്തി.
നേരെ തൊട്ടടുത്തുള്ള ബാത്ത് റൂമിലേക്ക് നിശബ്ദമായി മത്തയും ടീമും കയറി.
സമയം പുലര്‍ച്ചെ ഒരു മണി ആകാറായിരിക്കുന്നു.
ബാത്ത് റൂമില്‍ കയറിയിട്ട് അര മണിക്കൂര്‍ ആകുന്നു.
സാധാരണ ഗതിയില്‍ അഞ്ചു മിനിറ്റ് മെന്‍സ് ഹോസ്റ്റല്‍ ബാത്ത് റൂമില്‍ നില്‍ക്കുക തന്നെ ഒരു പീഡനം ആണ്.
ഇപ്പൊ അര മണിക്കൂര്‍ ആയിരിക്കുന്നു...!!
വിട്ടുകൊടുക്കില്ല.
സഹിക്കുകതന്നെ.
അകലെ, ഹോസ്റ്റലിന്റെ വെളിയില്‍, പശുക്കള്‍ മത്തയ്ക്ക് ഐക്യം പ്രഖ്യാപിച്ചു അമറുന്നു.
സമയം മുന്നോട്ടു തന്നെ.
ഒന്നും സംഭവിക്കുന്നില്ല.
ബാത്ത് റൂമില്‍ കയറി നില്‍ക്കാന്‍ തുടങ്ങിയിട്ട് ഒന്നര മണിക്കൂര്‍ ആകാറായി.
കൊതുക് കടി, മണം...
ഇല്ല, പിന്മാറില്ല.
രാമനാട്ടു കരയിലെ രാവിലെ 10 മണിക്ക് തുറന്നു രാത്രി 9 നു അടക്കുന്ന പുണ്ണ്യ സ്ഥലത്ത് മാത്രമേ ഇത്രയും ക്ഷമയോടെ ജീവിതത്തില്‍ കാത്തു നില്‍ക്കേണ്ടി വന്നിട്ടുള്ളൂ.
ഒരു അക്ഷരം പോലും മിണ്ടാതെ, ശ്വസിക്കുന്നത് പോലും പുറത്തു കേള്‍ക്കാതെ ആ ഇരുട്ടില്‍ നില്‍ക്കുകയാണ് ആ എഴരക്കൂട്ടം.
ഇതൊന്നും പോരാതെ തൊട്ടു മുന്നിലെ ബക്കറ്റിലെ ചാണക വെള്ളത്തില്‍ നിന്ന് വരുന്ന ഗന്ധവും.!
ആ ഇരുട്ടത്ത് ഇതൊക്കെ സഹിച്ചിട്ടു നില്‍ക്കാന്‍ തുടങ്ങിയിട്ട് രണ്ടു മണിക്കൂര്‍ ആകുന്നു.
സമയം പുലര്‍ച്ചെ രണ്ടര ആകുന്നു.
എവിടെ നിന്നോ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടോ?
മത്തയും ടീമും ജാഗരൂകരായി.
വാതിലിന്നിടയിലൂടെ മത്ത ഒളിഞ്ഞു നോക്കി.
"എടാ, അത് അവന്‍ തന്നെ..."
സന്തോഷം അടക്കാനാകുന്നില്ല.
മുജീബ് നടന്നു വരുന്നു.
ഹോസ്റ്റലിന്റെ ഇടനാഴിയിലെ ചെറിയ ഇരുട്ടിലൂടെ.
സിനിമയില്‍ പഴശ്ശിരാജ അവതരിക്കുന്നതുപോലെ...
ഒരുവിധം എല്ലാ മുറികളിലെയും ലൈറ്റ് അണഞ്ഞു കിടക്കുന്നു.
മുജീബ് സാവധാനം ബാത്ത് റൂമിലേക്ക് കയറി.
'ആ മത്ത കാരണമാണ് ഇത്രയും നേരം ബാത്ത് റൂമില്‍ പോലും പോകാനാകാതെ പിടിച്ചിരുന്നത്.
മൂന്നു മണിക്കൂര്‍ ആയിരിക്കുന്നു വാതില്‍ അടച്ചു ഒരേ ഇരിപ്പ് ഇരിക്കുന്നു.
പാവങ്ങള്‍.... എല്ലാരും നേരത്തെ ഓഫ് ആയിട്ടുണ്ടാകും..'
മനസ്സില്‍ വിചാരിച്ചു മുജീബ് ബാത്ത് റൂമിലേക്ക് കയറാന്‍ കാലെടുത്തു വച്ചു.
"ബ്ലൂം...ബ്ലൂം...ബ്ലൂം..."
"ഹ..ഹ...ഹാ...!!!"
"അയ്യോ .."
അലര്‍ച്ചകളും അട്ടഹാസങ്ങളും പൊട്ടിച്ചിരികളും.....!!!!
ഓള്‍ഡ് ബ്ലോക്ക് കിടുങ്ങുകയാണ്.
ഓരോ റൂമിലും പെട്ടെന്ന് ലൈറ്റ് തെളിയാന്‍ തുടങ്ങി.
പൊട്ടിച്ചിരികള്‍ നിലയ്ക്കുന്നില്ല.
ആരൊക്കെയോ നേരെ ഓടി ചെന്ന് ബാത്ത് റൂമിലേക്ക് കയറി നോക്കുന്നു.
ബാത്ത് റൂമിലേക്ക് അവിടെ എന്താ സംഭവിച്ചതെന്നു അറിയാന്‍ ആകാംഷയോടെ കയറി നോക്കിയവര്‍ പൊട്ടിച്ചിരിച്ചു കൊണ്ട് പുറത്തിറങ്ങുന്നു.
അവിടെ കൂടി ഇരിക്കുന്നവര്‍ക്ക് ഇടയിലേക്ക് ബാത്ത് റൂമില്‍ നിന്ന് ഒടുവില്‍ മുജീബ് പുറത്തേക്കിറങ്ങി.
പൊട്ടിച്ചിരികള്‍ ഒന്നുകൂടി ഉച്ചത്തിലായി.
അവിടെ കൂടി നിന്നവരും ഓടി കൂടിയവരും ഒരേ സ്വരത്തില്‍ പറഞ്ഞു.
"ഹാപ്പി ബര്‍ത്ത് ഡേ ടു യു ..."
"ഹാപ്പി ബര്‍ത്ത് ഡേ ടു യു...."
"ഹാപ്പി ബര്‍ത്ത് ഡേ ടു യു.....മുജീബ്...."
ഒരു ചൈനീസ് ചിരിയുമായി മുജീബ് പതിയെ പുറത്തെത്തി.
ചാണക വെള്ളത്തില്‍ കുളിച്ച ശരീരത്തോടെ....!!!
* * *
നേരം പുലര്‍ന്നു.
മെന്‍സ് ഹോസ്റ്റല്‍ മെസ്സില്‍ അപ്പവും മുട്ടക്കറിയും കഴിക്കാന്‍ നല്ല തിരക്ക്.
ഒരു വിധം എല്ലാ സീറ്റും നിറഞ്ഞിരിക്കുന്നു.
മെസ്സ് സമയം അവസാനിക്കാറായപ്പോള്‍ അതാ വരുന്നു മുജീബ്.
പെട്ടെന്ന് മെസ്സ് ഹാല്‍ നിശബ്ദമായി.
ഒരു നിമിഷത്തെ കനത്ത നിശബ്ദത.
പെട്ടെന്ന്..
അവിടെ കൂടിയിരിക്കുന്ന 120 ബോയ്സില്‍ നിന്നും ഒരേ ശബ്ദം ഹോസ്റ്റല്‍ മുഴുവന്‍ മുഴങ്ങി.
മുജീബിനു എല്ലാവരുടെയും ഒരു സ്വാഗത ഗാനം.
"ബേ...ബേ ....ബേ...!!"
"മുജീബേ...മുജീബേ.....ബേ .....!!!"
"ബേ....ബേ....!!!"
* * *
No comments:
Post a Comment