Saturday, March 26, 2011

ലേഡീസ് ഹോസ്റ്റെലിലേക്ക് ഒരു മെഴുകുതിരി വെട്ടം..


പിറന്നാള്‍ ആഘോഷം ഇനി ഹോസ്റ്റലില്‍ ആയാലോ?
എങ്ങനെ ആയിരിക്കും രീതികള്‍?

ഹോസ്റ്റല്‍ ആണ്‍ കുട്ടികളുടെതോ പെണ്‍ കുട്ടികളുടെതോ ആകട്ടെ..

വെറുതെ കേക്ക് മുറിക്കല്‍ ആയിരിക്കുമോ പരിപാടികള്‍?

ഹേയ്..! അങ്ങനെ ആകാനേ വഴിയില്ല..!

നമുക്ക് ഒന്ന് ഹോസ്റ്റെലില്‍ ഒളിഞ്ഞു നോക്കിയാലോ?

ഒളിഞ്ഞു നോക്കാന്‍ പറ്റിയ സ്ഥലം ഏതു ഹോസ്റ്റല്‍ ആണ്?
അതെ, അവിടെ തന്നെ....

അവിടെ നിന്ന് തന്നെ തുടങ്ങാം..

നിങ്ങള്‍ ലേഡീസ്‌ ഹോസ്റ്റലില്‍ പോകണം എന്നൊന്നുമില്ല അവിടുത്തെ വിവരങ്ങള്‍ അറിയാന്‍. അവിടുന്ന് മെന്‍സ് ഹോസ്റ്റല്‍, ക്ലാസ്സ്‌ മുറികള്‍ എന്നീ സ്ഥലങ്ങളിലേക്കൊക്കെ V P N ലൈന്‍ വലിച്ചിട്ടുണ്ടാകും. സംഭവങ്ങള്‍ അപ്പപ്പോള്‍ തന്നെ എത്തേണ്ടിടത്ത് എത്തുകയും ചെയ്യും.

ഇനി അഥവാ അവിടെ നടക്കുന്നതൊക്കെ നേരിട്ട് കാണണോ?

എങ്കില്‍, ബ്യൂട്ടി സ്പോട്ടില്‍ പോകുന്നെന്ന വ്യാജേന അതുവഴി ഒക്കെ കറങ്ങി നടന്നാ മതി.
നാല് ഭാഗവും റോഡ്‌ കൊണ്ട് ചുറ്റപ്പെട്ട സുന്ദരിമാരുടെ ദ്വീപ്‌ അടുത്തുനിന്നു തന്നെ കാണാം..


ഏതായാലും നമുക്ക് മെഴുകുതിരി വെട്ടത്തില്‍ ചില കാഴ്ചകള്‍ കാണാം.
   *                      *                            *

അങ്ങനെ, ഹോസ്റ്റലിലെ ഒരു ബ്ലോക്കിലെ ഉണ്ണിയാര്‍ച്ചയുടെ പിന്മുറക്കാരായ 9 ധീര വനിതകള്‍ ഒരു തീരുമാനത്തിലെത്തി. കുറേ നാളായി വിചാരിക്കുന്നു.

ഇനി വിട്ടുകൊടുക്കാന്‍ പറ്റില്ല. ഇതെന്താ നമ്മള്‍ക് പറ്റില്ലേ...

മള്‍ട്ടിപ്പിള്‍ ഫോക്കസ് ക്യാമറകള്‍ക്ക് മുന്നില്‍ ഒരു മണിക്കൂര്‍ ഇരുന്നു ലൈവ് വാര്‍ത്തകള്‍ വായിക്കുന്നവര്‍ തന്നെയാണ് നമ്മളും!

പിന്നെന്താ വേണ്ടേ?

അങ്ങനെയാണ് ഒരു ദിവസം, പൊതുവേ കുടിയനെന്ന പേര് ഉണ്ടെങ്കിലും പരോപകാരിയായ സഹപാഠിയെ കൊണ്ട് ഒരു കുപ്പി വാങ്ങിപ്പിച്ചത്.

സമര്‍ത്ഥനായ അവന്‍ അത് ഭദ്രമായി പൊതിഞ്ഞു ബ്രഡ് ഒക്കെ കൊണ്ട് പോകുന്നത് പോലെ ലേഡീസ് ഹോസ്റ്റല്‍ ഗേറ്റില്‍ എത്തിച്ചു.

കൂടെ ഫ്രീ ആയി  ഒരു ഉപദേശവും..

"എടീ...സൂക്ഷിക്കണേ.. എന്നെ നാറ്റിക്കല്ലേ.."

സ്ത്രീകള്‍ ചതിക്കില്ല. 
അത് കൊണ്ട് തന്നെ ആ കുപ്പി അവര്‍ ആരോരും അറിയാതെ തന്നെ അകത്താക്കാന്‍ വഴികള്‍ നോക്കി.

നില നില്‍പ്പിന്റെ പ്രശ്നം ആണേ...

ബ്യൂട്ടി സ്പോട്ടിലെ റബ്ബര്‍ മരങ്ങളില്‍ ഇരുട്ട് പരന്നു.

ലേഡീസ് ഹോസ്റ്റല്‍ ഗേറ്റില്‍, സര്‍ക്കിള്‍ കിളികള്‍ കൂടണയാന്‍ പോകുന്നതിനു മുന്‍പുള്ള കലപില.

ആ ഒന്‍പതു പേര്‍, ഹോസ്റ്റെലിന്റെ മുകളിലത്തെ നിലയില്‍ ഒരു മുറിയില്‍ പാത്തും പതുങ്ങിയും ഇഴഞ്ഞും എത്തി.
കയ്യിലുള്ള ഒരു കുപ്പി ഇന്ന് വെറും ഒന്‍പതു പേര്‍ ചേര്‍ന്ന് കഴിക്കാന്‍ പോകുകയാ...

എന്ത് കുപ്പിയാ?

അതെ, അത് തന്നെ.

ഒരു കുപ്പി ബിയര്‍....!!!!!

ആരും ഒന്നും സംസാരിക്കുന്നില്ല.
കാമാണ്ടോ ഓപറേഷന്‍ തുടങ്ങുന്നതിനു മുന്‍പുള്ള നിശബ്ദത.
ചിലര്‍ കൈ നെഞ്ചില്‍ ചേര്‍ത്ത് വച്ച് ഹൃദയമിടിപ്പ്‌ എണ്ണുന്നു.
ചിലര്‍ പ്രാര്‍ഥിക്കുന്നു.

ബുദ്ധിമതിയായ ഒരുത്തി നേരെ പോയി ലൈറ്റ് ഉം ഓഫ്‌ ചെയ്യുന്നു.
അതിലും ബുദ്ധിമതിയായ മറ്റൊരുവള്‍ കയ്യില്‍ കരുതിയ മെഴുകുതിരി തെളിക്കുന്നു...

ഒന്‍പതു പേര്‍ റൂമിന്റെ നാല് ചുവരുകളോട് ചേര്‍ന്ന് മുഖത്തോട് മുഖം നോക്കി നില്‍കുകയാണ്‌.
കത്തിയെരിയുന്ന മെഴുകുതിരി സാക്ഷി.

മെന്‍സ് ഹോസ്റ്റെലിലെ ചെക്കന്മാര്‍ പറയുന്നത് പോലെ നമ്മളും ഇന്ന് വെള്ളമടിക്കാന്‍ പോകുകയാണ്.
ആ സുന്ദര മുഹൂര്‍ത്തം വന്നെത്തി.

നടുക്കുള്ള മേശമേല്‍ മെഴ്കുതിരി എരിയുന്നു.
ഒരു ബിയര്‍ കുപ്പി തൊട്ടടുത്ത്‌.
പിന്നെയോ?
9 ഗ്ലാസ്.

തീര്‍ന്നില്ല.
നമ്മള്‍ അത്ര ലോക വിവരം ഇല്ലാത്തവര്‍ ഒന്നും അല്ല.
ഒരു കൂജ നിറയെ തണുത്ത വെള്ളവും കരുതിയിട്ടുണ്ട് മേശമേല്‍....!!!

ഇനിയാണ് കളി.

കൂട്ടത്തിലെ ധൈര്യ ശാലി ബിയര്‍ കുപ്പിയുടെ അടപ്പ് ഊരി മാറ്റി.

കുപ്പി താഴെ വച്ചപ്പോ തന്നെ ഒന്‍പതു പേരും മാറിമാറി വന്നു ബിയര്‍ കുപ്പി മൂക്കോട് ചേര്‍ത്ത് വച്ച് അതിന്റെ ഗന്ധം ആസ്വദിച്ചു "അയ്യേ" എന്ന് പറഞ്ഞു അതെ സ്ഥലത്ത് പോയി നിന്നു.

സാധാരണ ലേഡീസ് ഹോസ്റ്റലില്‍ 9  പേര്‍ ഒത്തു കൂടിയാല്‍ അത് ചേളാരി ചന്തയാണോ എന്ന് ശങ്കിച്ച് ഉല്പ്രേക്ഷിക്കുമായിരുന്നു കവിമനസുകള്‍.

ഇവിടെയോ?

സെമിനാര്‍ കോംപ്ലെക്സില്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുമ്പോള്‍ അരുതാത്ത രംഗം വരുമ്പോള്‍ ഉണ്ടാകുന്ന നിശബ്ദത.

ഇനി?

ഒന്നും നോക്കാനില്ല. ഒഴിക്കുകതന്നെ.

വരുന്നിടത്ത് വച്ച് കാണാം.

നിരത്തി വച്ചിരിക്കുന്ന ഓരോ ഗ്ലാസ്സിന്റെ മുകളിലൂടെയും ബിയര്‍ കുപ്പി ഒന്ന് കറങ്ങി വന്നു.
ബിയര്‍ കുപ്പിയില്‍ ഇപ്പോഴും പകുതിയോളം കിടക്കുന്നു.

കിടക്കട്ടെ.

അടുത്ത റൌണ്ടില്‍ വീശാം.

ഉള്ള അറിവ് വച്ച് ബാക്കി കൂടി അങ്ങ് ചെയ്യുക തന്നെ.
അതിലൊരുവള്‍, കൂജയിലെ വെള്ളം ഓരോ ഗ്ലാസ്സിലും ശ്രദ്ധയോടെ പകര്‍ന്നു.

9 ഗ്ലാസും നിറഞ്ഞു നിന്നു. ചെറിയ ഒരു സ്വര്‍ണ വര്‍ണത്തോടെ.
എന്തായാലും കൂജ ഒരുവിധം കാലിയായി.

ഇത്രയും പോരല്ലോ.
കഴിക്കേണ്ടെ...
വേണം.

ആര് ആദ്യം തുടങ്ങും
തര്‍ക്കം...തര്‍ക്കം..

ഒടുവില്‍, ഒരേ സമയം തന്നെ 9  ഗ്ലാസ്സുകളും മേശമേല്‍ നിന്നു ഉയര്‍ന്നു.
മെഴുകുതിരി വെട്ടം മാത്രം.
വാതില്‍ പൂട്ടിയിട്ടിരിക്കുന്നു.
ജനല്‍ അടച്ചു കര്‍ട്ടന്‍ ഇട്ടിട്ടുണ്ട്.

ആദ്യമായിട്ടാണെങ്കിലും, പറഞ്ഞു കേട്ടത് അവര്‍ മറന്നിരുന്നില്ല.
9 ഗ്ലാസുകളും പതിയെ ഒന്ന് മുട്ടിച്ചു.

ചെറുതായി പരസ്പരം ചെവിയില്‍ ഒരു 'ചിയേര്‍സ്' ഉം...!!

പോരെ....!

എത്ര നാളത്തെ ആഗ്രഹം ആണ്.

ഇതാ തൊട്ടു മുന്‍പില്‍.

ചിലര്‍ മൂക്ക് ഒരു കൈ കൊണ്ട് അടച്ചു പിടിച്ചു ഗ്ലാസ് വായിലേക്ക് കമഴ്ത്തി.
ചിലര്‍ വീണ്ടും വീണ്ടും ഗ്ലാസ് മണത്തു നോക്കി സിപ്പ് ചെയ്തു.

അങ്ങനെ അങ്ങനെ ഗ്ലാസ്സുകള്‍ കുറേശ്ശെ കാലിയായി തുടങ്ങി.

ഇപ്പൊ അല്‍പ്പം ഒച്ച പൊങ്ങാന്‍ തുടങ്ങിയോ...?
ബീറിന്റെ രുചി അവര്‍ പങ്കു വെക്കാന്‍ തുടങ്ങി.

പറഞ്ഞു കേട്ട വീര സാഹസിക കാര്യങ്ങള്‍ ആദ്യമായി ചെയ്തപ്പോ അഭിമാനം അടക്കാനായില്ല.

ഒന്നാം റൌണ്ട് ഒരു വിധം കഴിഞ്ഞു...

ഇത്രയേ ഉള്ളോ...?

നമുക്ക് ഒന്നും തോന്നുന്നില്ലല്ലോ....!
എന്നിട്ടാണോ ഈ ചെറുക്കന്മാര്‍ ഇങ്ങനെ ഒക്കെ ഇതിനു വേണ്ടി......

എന്തൊക്കെ റിസ്ക്‌ എടുത്തിട്ടാ അവര്‍ ഒരു ഫുള്‍ സംഘടിപ്പിക്കുന്നത്.
പാവങ്ങള്‍....
ആണുങ്ങള്‍ക്ക് കാപ്പാസിട്ടി കുറവാണോ?
മേശമേല്‍ അപ്പോഴും ബിയര്‍ കുപ്പിയുടെ പകുതിയും മെഴുകുതിരി വെട്ടത്തില്‍ തിളങ്ങുന്നു.....!!!


           *                    *                         *

പെണ്‍കൊടികള്‍ ആ ബിയര്‍ ബോട്ടില്‍ മുഴുവനും വീശിയോ ആവോ..

ഏതായാലും അവര്‍ ചെക്കന്മാര്‍ക്ക് പിന്നീട് ഒരു ഉപദേശം കൊടുക്കാന്‍ മറന്നില്ല.

"അല്ല, നിങ്ങള്‍ എന്തിനാണ് ഇങ്ങനെ കുടിക്കുന്നേ?? നമ്മള് കുടിച്ചിട്ട് നമ്മള്‍ക്കൊന്നും തോന്നിയില്ലല്ലോ. ഭാരം കുറയുന്നതായിട്ടു നമുക്കാര്‍ക്കും തോന്നിയില്ല....
നിങ്ങള്‍ എന്തിനാ ഇങ്ങനെ വെറുതെ പൈസ കളയുന്നേ??????


                          *                         *                        *
ഭരത വാക്യം:
ഇതൊക്കെ വെറും പഴഞ്ചന്‍ കാര്യങ്ങള്‍. ഇപ്പൊ ചെര്‍ക്കന്മാര്‍ക്ക് പുതിയ പുതിയ ബ്രാന്‍ഡും മറ്റും SMS വരുന്നത് ലേഡീസ് ഹോസ്റ്റെലിലെ കൊണിപ്പടികളില്‍ നിന്നാണത്രേ....!

                                                           -ശുഭം..!




































No comments:

Post a Comment