2005 ഡിസംബര്‍ 5 .
വൈകുന്നേരം 6 മണിയോടടുത്ത് സമയം.
തണുപ്പ് ഇപ്പോഴേ അരിച്ചിറങ്ങാന്‍ തുടങ്ങിയിരിക്കുന്നു.
എം സി ജെ ക്ലാസ്സിന്റെ തൊട്ടുമുന്‍പില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഐഷര്‍ വണ്ടിയിലേക്ക് ഓരോരുത്തരായി കയറി സൈഡ് സീറ്റ് ബുക്ക് ചെയ്യുന്നു.
മെന്‍സ് ഹോസ്റ്റെല്‍ മെസ്സിലേക്ക് തേങ്ങ വാങ്ങാന്‍ വില്ലൂന്നിയാലിലെ കടയില്‍ പോയവര്‍ എത്തിയിട്ടില്ല.
അവരെ കാത്തിരിക്കുകയാണ്.
മെസ്സ് നടത്തുന്നതിലെ ബുദ്ധി മുട്ടുകളെ കുറിച്ച് ഉറക്കെ സംസാരിച്ചു ഒടുവില്‍ അവരും എത്തി വണ്ടിയില്‍ കയറി.
ഐഷര്‍ കുണുങ്ങി കുണുങ്ങി ചെനക്കല്‍ നിന്ന് നീങ്ങി.
തണുപ്പ് ഒന്നുകൂടി കൂടിയോ.
ഐഷര്‍ ന്റെ ഗ്ലാസുകള്‍ പതിയെ അടയാന്‍ തുടങ്ങി.
* * *
എം സി ജെ ഒരു ബാച്ചിലെ കുട്ടികള്‍ ഒരു പത്രം ഓഫീസ് വിസിറ്റിംഗ് നു പോകുകയാ.
കോഴിക്കോട് ടൌണിലുള്ള
ഇന്ത്യന്‍ എക്സ്പ്രസ്സ് ഓഫീസ് ആണ് ലക്‌ഷ്യം.
എക്സ്പ്രസ്സ് ഓഫീസില്‍ ജോലി ചെയ്യുന്ന ഒരു എം സി ജെ പൂര്‍വ വിദ്യാര്‍ഥി വഴി കാര്യങ്ങള്‍ ഒക്കെ പ്ലാന്‍ ചെയ്തിട്ടാണ് വിസിറ്റ് നടത്തുന്നത്.
പത്രം ഓഫീസില്‍ പോയി അവിടുത്തെ ജേര്‍ണലിസ്റ്റ് പുലികള്‍ എന്തൊക്കെയാണ് ചെയ്യുന്നത്, അല്ലെങ്കില്‍ സബ് എഡിറ്റര്‍ മാര്‍ കോപ്പികള്‍ എഡിറ്റു ചെയ്യുന്നുണ്ടോ, രസിടന്റ്റ് എഡിറ്റര്‍ മാര്‍ വീട്ടില്‍ തന്നെയാണോ തുടങ്ങിയ കാര്യങ്ങള്‍ അറിയാനാണോ ഈ ട്രിപ്പ്?
അല്ലെങ്കില്‍, ഫോട്ടോ കമ്പോസിംഗ് യൂണിറ്റില്‍ എന്ത് ജോലി ആണ് ചെയ്യുന്നത്, പേജ് ലേ ഔട്ടിനു ഇപ്പോഴും പേജ് മേക്കര്‍ തന്നെയാണോ ഉപയോഗിക്കുന്നത്? അല്ല ക്വാര്‍ക്ക് എക്സ്പ്രസ്സ് ഉണ്ടോ, ഇനി അഥവാ, അഡോബിന്റെ ഇന്‍ ഡിസൈന്‍ എന്ന പോസ്റ്റ് മോഡേണ്‍ സോഫ്റ്റ്‌വെയര്‍ വന്നോ?
ഇതൊക്കെ പഠിക്കാനാണോ ഈ തണുത്ത രാത്രിയില്‍ ഈ യാത്ര?
ഹേയ്..!!
അങ്ങനെ പ്രത്യേകിച്ച് ആഗ്രഹങ്ങള്‍ ഒന്നും ഇല്ല.
വൈകുന്നേരം ഒന്ന് കറങ്ങാന്‍ കിട്ടിയ ചാന്‍സ്.
ഒന്ന് സോല്ലാം.
മാത്രമല്ല ഇനി പുലര്‍ച്ചെ ഒരു മണിക്കോ രണ്ടു മണിക്കോ ഹോസ്റ്റലില്‍ തിരികെ കയറിയാ മതി.
ബോര്‍ അടി മാറിക്കിട്ടും.
ഐഷര്‍ സുന്ദരി ഇന്ത്യന്‍ എക്സ്പ്രസ്സ് ഓഫീസിനു മുന്നില്‍ പാര്‍ക്ക് ചെയ്തു.
കൊച്ചു കണ്ണാടികളും ചീര്‍പ്പുകളും 16 പേരുടെ കൈകളിലൂടെയും കയറി ഇറങ്ങി.
മെല്ലെ മെല്ലെ ഓരോരുത്തരായി പത്രം ഓഫീസിലേക്ക് വലതു കാല്‍ വച്ച് കയറി.
അടുത്ത തല മുറയിലെ പത്ര പ്രവര്‍ത്തകരെ എക്സ്പ്രസ്സില്‍ ഉള്ളവര്‍ കാര്യമായി തന്നെ വരവേറ്റു.
റിപ്പോര്‍ട്ടിംഗ്, എഡിറ്റിംഗ് വിഭാഗങ്ങളികൂടെ ഓടി നടന്നു 16 പേരും അവിടെ ഉള്ളവരെ ജോലി ചെയ്യാന്‍ വിട്ടില്ല.
കുട്ടികളല്ലേ എന്ന് വിചാരിച്ചു ഓഫീസില്‍ ഉള്ളവരും കാര്യമായി ഒന്നും പറഞ്ഞില്ല.
ഒരു ദിവസമല്ലേ.
സഹിക്കുകതന്നെ...!
പേപ്പര്‍ കെട്ടുകള്‍ നിലത്തിട്ടും പേപ്പര്‍ വെയിറ്റ് ഇട്ടു പൊട്ടിച്ചും സംഘം നീങ്ങി.
ഒടുവില്‍ ന്യൂസ് എഡിറ്റര്‍ മായി ഒരു നര്‍മ സല്ലാപം.
വിഡ്ഢി ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ ഒരു മത്സരം തന്നെ നടന്നു അവിടെ.
കിട്ടിയ അവസരം തങ്ങളുടെ "ക്ലാസ്" വെളിപ്പെടുത്താന്‍ ഓരോരുത്തരും നന്നായി വിനിയോഗിച്ചു.
സമയം രാത്രി 11 ആയി.
എല്ലാവരും പതിയെ പ്രിന്റിംഗ് കാണാന്‍ പ്രസ്സിലേക്ക് നീങ്ങി.
കാസര്‍ഗോഡ്, വയനാട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പത്രങ്ങള്‍ ആദ്യം പ്രിന്റ് ചെയ്യും.
ആദ്യ പ്രിന്റിംഗ് ഉടനെ തുടങ്ങും.
കുട്ടികള്‍ ഓരോരുത്തരായി അവിടെ ഒക്കെ കറങ്ങി നടക്കുന്നു.
വിനോയ് അവിടെ ഉള്ള പ്രിന്റിംഗ് മഷിയുടെ കളര്‍ നോക്കുന്നു.
മറ്റു ചിലര്‍ പേപ്പര്‍ റോള്‍ ന്റെ വലുപ്പം കണ്ടു അത്ഭുതം കൂറുന്നു.
ചില പൂവന്‍ കോഴികള്‍ പിടക്കോഴിയെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുന്നു.
സുന്ദരി പെണ്‍കുട്ടികളെ കണ്ടപ്പോ പ്രസ്സില്‍ ഉള്ളവര്‍ക്കും ആകെ ഒരു ഉഷാര്‍.
പ്രിന്റിംഗ് തുടങ്ങാന്‍ സമയം ആയി.
ജോലിക്കാര്‍ ഉഷാറായി നില്‍ക്കുന്നു.
ഇനി നോണ്‍ സ്റ്റോപ്പ് പണിയാണ്.
മെഷീനിലേക്ക് വാര്‍ത്തകളുടെ ഫിലിം ഷീറ്റ് വയ്ക്കുകയാണ് ജോലിക്കാര്‍.
കാതടപ്പിക്കുന്ന ശബ്ദത്തോടെ മെഷീന്‍ വര്‍ക്ക് തുടങ്ങി.
മെഷീനിലൂടെ ന്യൂസ് പ്രിന്റുകള്‍ ഓടി നടന്നു.
ഒടുവില്‍, ഇന്ത്യന്‍ എക്സ്പ്രസ്സ് പത്രം ചൂടോടെ മഷീനില്‍ നിന്ന് പുറത്തേക്കു വന്നു.
പ്രിന്റിങ്ങില്‍ വല്ല പിശകും ഉണ്ടോ എന്ന് ഇടയ്ക്കിടെ ജോലിക്കാര്‍ നോക്കുന്നുണ്ട്.
സമയം 12 ആകുന്നതെ ഉള്ളൂ.
പക്ഷെ നാളത്തെ പത്രം റെഡി..!
* * *
കര്‍ണന്‍ സര്‍ ന്റെ നേതൃത്വത്തില്‍ ഉള്ള സംഘം എക്സ്പ്രസ്സ് ഓഫീസില്‍ നിന്ന് ഇറങ്ങാന്‍ തീരുമാനിച്ചു.
എല്ലാവരുടെയു കൈകള്‍ ഒന്നിലേറെ തവണ പിടിച്ചു കുലുക്കി 'താങ്ക്സ്' 'താങ്ക്സ്' എന്ന് പറഞ്ഞു എല്ലാവരും പുറത്തേക്കിറങ്ങാന്‍ തുടങ്ങി.
പുറത്തു നല്ല തണുപ്പ്.
ഡിസംബറിലെ അര്‍ദ്ധരാത്രിയാണ്.
ചിലരൊക്കെ ഐഷരില്‍ കയറാന്‍ അങ്ങോട്ടേക്ക് നീങ്ങി.
ചിലര്‍ എന്തോ കിട്ടാനുള്ളത് പോലെ അവിടെ ഒക്കെ ചുറ്റി പറ്റി നിന്നു.
"രാജീവാ.. ഇനി എന്താ? "
വിനോയിയുടെ ശബ്ദം തണുപ്പിനെ കീറി മുറിച്ചു ഉയര്‍ന്നു.
"ഇനിയോ..എന്ത്..പോയേക്കാം..അല്ലേ?
"ആ ..പോകാം. ഞാന്‍ ഒന്ന് ബാത്ത് റൂമില്‍ പോയിട്ട് വരാം.നീ വരുന്നോ?"
"ശരി. ഞാനും വന്നേക്കാം."
ഒരു കമ്പനി കൊടുത്തേക്കാം എന്ന് വിചാരിച്ചു ഞാനും അവന്റെ പുറകെ ബാത്ത് റൂമിലേക്ക് മണ്ടി.
ബാത്ത് റൂമില്‍ പോകേണ്ട ആവശ്യം ഒന്നും ഇല്ല.
എങ്കിലും.....
ഒരു ടോയിലെറ്റില്‍ അവന്‍ കയറി. തൊട്ടടുത്തത്തില്‍ ഞാനും.
സാധാരണ പോലെ, വാതില്‍ ഒന്നും അടച്ചില്ല.
ആ സ്വഭാവം ഞങ്ങള്‍ക്ക് പണ്ടേ ഇല്ല.
പിന്നെ അല്ലെ ഈ അര്‍ദ്ധ രാത്രി.
അതും ഒരു പത്രം ഓഫിസ്.
ചുവരിന്റെ ഭംഗി ഒക്കെ ആസ്വദിച്ചു പതുക്കെ സിബ് വലിച്ചൂരി.
വേഗം പോകണം.
കര്‍ണന്‍ സര്‍ വെയിറ്റ് ചെയ്യുന്നുണ്ടാകും.
മൂത്രമൊഴിച്ചു പകുതി ആകുന്നതെ ഉള്ളൂ.
അപ്പൊ വിനോയിയുടെ ചോദ്യം,
"രാജീവാ. സമയം എത്ര ആയി."
"12 ആകുന്നു"
"12 ആയില്ലേ? "
വിനോയ് വീണ്ടും ചോദിച്ചു.
ഒന്നുകൂടി വാച്ചിലേക്ക് നോക്കി.
ഓ.... 12 മണി ആയിരിക്കുന്നു.
"12 ആയി മോനെ.. " ഞാന്‍ ഒന്നുകൂടി ഉറക്കെ പറഞ്ഞു.
ദേ...വീണ്ടും അവനു സംശയം.
"ശരിക്ക് 12 ആയോ?"
ഇതെന്താ ഇവന് പറ്റിയത്?
സമയത്തെ കുറിച്ച് ഒരിക്കലും ചിന്തിക്കാത്ത ഒരു മനുഷ്യന്‍.
ഇപ്പൊ പെട്ടെന്ന് കൃത്യ സമയം അറിയണം പോലും.
"ആയി അളിയാ. കറക്റ്റ് 12 മണിയായി.."
"അപ്പൊ 12 മണി ആയി അല്ലേ.."
ഞാന്‍ ഊന്നുകൂടി കണ്‍ഫേം ചെയ്തു.
"ആ..12 ആയി.."
പെട്ടെന്ന്....
"അയ്യോ.."
എന്നില്‍ നിന്ന് അറിയാതെ ഒരു അലര്‍ച്ച ഉച്ചത്തില്‍ പുറത്തേക്കു വന്നു.
എന്താ അത്...!!!
കെട്ടിടം ഇടിഞ്ഞു തലയില്‍ വീണോ?
അതോ ഹിമാലയത്തിലെ ഐസ് മുഴുവന്‍ എന്റെ മുകളിലേക്ക് ആരെങ്കിലും ഇട്ടോ...
എന്തൊക്കെയോ ഇടിഞ്ഞു പൊളിഞ്ഞു വീണോ?
ഒന്നും മനസിലാകുന്നില്ല.
ശരീരം പെട്ടെന്ന് പൂജ്യം ഡിഗ്രി തണുപ്പിലേക്ക് താഴ്ന്നത് പോലെ.
ശരീരം മുഴുവന്‍ നനഞ്ഞു ഒലിക്കുന്നു.
ഷര്‍ട്ട് ഉം പാന്റും ഒക്കെ മുഴുവനായി നനഞ്ഞിരിക്കുന്നു.
വെള്ളം തലയില്‍ കൂടി ഒക്കെ ഒഴുകുന്നു.
തണുത്തു വിറക്കുന്നു.
ഡിസംബറിലെ കൊടും തണുപ്പും.
ഇതെവിടുന്നു വന്നു ഈശ്വരാ.!!
ഒന്നും മനസിലാകുന്നില്ല.
ഒരു സെക്കന്റ് കൊണ്ട് മനസിലൂടെ ചിന്തകള്‍ മാറി മാറി ഓടി.
കണ്ണ് തുറന്നു നോക്കി.
എന്താ സംഭവിച്ചതെന്നു.
പുറത്തു നിന്ന് ഒരു ചിരി കേട്ടോ?
വിനോയ് എവിടെ?
സിബ് പോലും ഇടാതെ പുറത്തേക്കു ഓടി ഇറങ്ങാന്‍ നോക്കി.
ഹയ്യോ. ..!!
വീണ്ടും അടുത്ത പ്രഹരം.!
തലയിലൂടെ ഐസ് വെള്ളം വീണ്ടും ഒഴുകി ഇറങ്ങുന്നു.
എന്താ ഈ ലോകത്തിനു സംഭവിക്കുന്നത്.
കണ്ണ് തുറന്നു നോക്കി.
നമ്മുടെ വിനോയ് അതാ ഓടി പോയി ബക്കറ്റില്‍ വെള്ളം നിറക്കുന്നു..
ഇവനെന്താ ചെയ്യുന്നത്?
ടാപ്പില്‍ നിന്ന് വെള്ളം വരുന്നത് കാത്തു നില്‍ക്കാന്‍ അവന്‍ നിന്നില്ല.
ഓടി പോയി തൊട്ടടുത്ത ടോയിലെറ്റില്‍ പോയി അവനുണ്ട് ഒരു ബക്കറ്റ് നിറയെ വെള്ളവുമായി വരുന്നു.
ഞാന്‍ നിന്ന് വിറക്കുകയാണ്.
വായില്‍ നിന്ന് വാക്കുകള്‍ പുറത്തേക്കു വരുന്നില്ല.
ഇവന്‍ ഈ ബക്കറ്റു വെള്ളവുമായി എന്ത് ചെയ്യാന്‍ പോകുകയാ?
തൊട്ടു മുന്നിലെത്തി.
അവന്‍ ചിരിക്കുന്നുണ്ടോ?
പെട്ടെന്ന്..
കയ്യിലെ ബക്കറ്റില്‍ ഉള്ള മുഴുവന്‍ വെള്ളവും അവന്‍ എന്റെ തലയിലൂടെ ഒഴിച്ചു..!!
മൂന്നാമത്തെ പ്രഹരം..!
ഇപ്പൊ മനസിലായി.
എന്താ സംഭവിച്ചതെന്നു...
അവന്‍ ചെയ്തതാണ് ഇത്.
ബക്കറ്റിലെ വെള്ളം ഒഴിപ്പിച്ചു ഈ തണുപ്പത്ത് എന്നെ കുളിപ്പിച്ചത് ഇവന്‍ തന്നെ.
ഇവന്‍ തന്നെ...!!
ദൈവമേ ..ടോയിലെട്ടിലെ മൂന്നു ബക്കറ്റു വെള്ളം ആണ് എന്റെ ശരീരത്ത് കൂടെ ഒഴുകി ഇറങ്ങിയത്.
കൊടും തണുപ്പും.
സ്ഥലമോ...
ഒരു പത്രം ഓഫീസി ന്റെ ബാത്ത് റൂം.
ഈശ്വരാ.. !!
എന്താ ഇത്..
എന്താ ഇവന്‍ ചെയ്യുന്നേ...
ഒരു മിനുട്ട് കൊണ്ട് ഇവന് ഭ്രാന്തു പിടിച്ചോ?
ഞാന്‍ ഒന്ന് കൂടി നോക്കി.
അവന്‍ വീണ്ടും പോയി ബക്കറ്റില്‍ വെള്ളം നിറക്കുന്നു.
ഓടി രക്ഷപ്പെടുക തന്നെ.
പുറത്തേക്കു ഓടി ഇറങ്ങാന്‍ നോക്കി.
പൊട്ടി ചിരിച്ചു കൊണ്ട് ആ ബക്കറ്റില്‍ നിറഞ്ഞ പകുതി വെള്ളം എന്റെ പുറകിലൂടെ അവന്‍ വീണ്ടും ഒഴിച്ച്.
ഞാന്‍ അറിയാതെ വീണ്ടും ഒരു അലര്‍ച്ച പുറത്തേക്കു വന്നു.
ഓടി പുറത്തിറങ്ങി.
എന്റെ അലര്‍ച്ച കേട്ട് സെക്യൂരിറ്റി ജോലിക്കാര്‍ ടോയിലെട്ടിന്റെ മുന്നില്‍ എത്തിയിരിക്കുന്നു.
നാല് പ്രാവശ്യമാണ് നന്നായി അലറിയത്..!!!
പുറത്തെത്തി.
നനഞ്ഞു കുളിച്ചിരിക്കുന്നു....!!
കാര്യങ്ങള്‍ ഒക്കെ സാധാരണ പോലെ തന്നെ.
കര്‍ണന്‍ സര്‍ ഇത്തിരി പേടിച്ചിട്ടുണ്ടോ ഒച്ച കേട്ടിട്ട്?
ഏതായാലും സെക്യൂരിറ്റി ജീവനക്കാര്‍ ജാഗരൂകരായി നില്‍ക്കുകയാണ്.
പക്ഷെ, എന്റെ മറ്റു സഹപാടികളുടെ ചുണ്ടില്‍ ഒരു ചിരി കാണുന്നുണ്ടോ?
എന്റെ അവസ്ഥ ഇവര്‍ ആരും കാണുന്നില്ലേ?
അപ്പോഴുണ്ട് പുറകില്‍ ബാത്ത് റൂമില്‍ നിന്ന് വിനോയിയുടെ ശബ്ദം ഉയരുന്നു!
"...രാജീവാ...ഹാപ്പി ബര്ത്ത് ഡേ. ...!!!!"
തണുത്തു മരവിച്ചു നില്‍ക്കുന്ന എന്റെ മനസിലൂടെ ഒരു കൊള്ളിയാന്‍ മിന്നി.
എന്റമ്മോ!!!
അതെ 12 മണി കഴിഞ്ഞിരിക്കുന്നു.
ഇന്ന് ഡിസംബര്‍ 6 .
എന്റെ പിറന്നാള്‍...!!!
ഹോസ്റ്റലില്‍ സാധാരണ പിറന്നാള്‍ ആഘോഷിക്കുന്നത് ചാണക വെള്ളം ഒഴിച്ചും മറ്റുമാണ്.
ഇന്ന് ആ സമയത്ത് ഞാന്‍ പത്രം ഓഫീസില്‍ ആയി പോയി.
കശ്മലന്മാര്‍....!!
ടോയിലെട്ടിലെ 4 ബക്കറ്റു വെള്ളമാണ് ഒഴുകി ഇറങ്ങിയത്.
അതും പത്രം ഓഫീസിലെ കക്കൂസില്‍ വച്ച്.
തണുപ്പ് തുണികളിലൂടെ അരിച്ചിറങ്ങുന്നു.
വീണ്ടും പുറകില്‍ നിന്ന് ഗംഭീര ശബ്ദം ഉയര്‍ന്നു.
"ഹാപ്പി ബര്ത്ത് ഡേ ടു യു .."
തണുത്തു വിറച്ചു എന്റെ പല്ലുകള്‍ കൂട്ടിയിടിക്കുകയാണ്.ചെറുതായി ഒരു അളുംപ് മണം ഉയരുന്നുണ്ടോ?
ഇപ്പൊ മറ്റു സഹാപടികള്‍ അത് ഏറ്റു പറയാന്‍ തുടങ്ങിയിരിക്കുന്നു.
"ഹാപ്പി ബര്ത്ത് ഡേ ടു യു .."
"ഹാപ്പി ബര്ത്ത് ഡേ ടു യു .....രാജീവാ...!!!!".
* * *