Friday, August 12, 2011

മനസ്സിന്‍ കണ്ണാടി

മനസ്സിന്‍ കണ്ണാടി മുഖം എന്നത് പഴമൊഴി...
പുതു മൊഴി?

മനസ്സ് ഒന്ന് തുറന്നു നോക്കി.
കവിളും കണ്ണും തുടച്ചെടുത്തു കൈ കൊണ്ട് പിഴിഞ്ഞപ്പോള്‍ ചോര.
കൈ വിരലുകള്‍ക്കിടയില്ലൂടെ ചോര...
സംശയമില്ല, മുഖം മനസിന്റെ കണ്ണാടി തന്നെ ...!!

Saturday, April 9, 2011

മെന്‍സ് ഹോസ്റ്റലിലെ ഒരു സുന്ദര രാത്രി




2005 ഒക്ടോബര്‍ 19.
സമയം രാത്രി 11  ആകുന്നു.

മെന്‍സ് ഹോസ്റ്റലിലെ ഓള്‍ഡ്‌ ബ്ലോക്കിന്റെ രണ്ടാം നിലയില്‍ അങ്ങേ അറ്റത്തെ മുറി, മുജീബ് അകത്തു നിന്ന് ബലമായി അടച്ചിട്ടിട്ട് കുറെ സമയമായിരിക്കുന്നു.
അവന്‍ അത് എങ്ങനെയോ മണത്തു അറിഞ്ഞിരിക്കുന്നു.
 അതെ
അടുത്ത ദിവസം അവന്റെ പിറന്നാള്‍ ആണ്.
'മത്ത'യുടെ നേതൃത്വത്തില്‍ ആരൊക്കെയോ ചേര്‍ന്ന് മുജീബിനെ രാത്രി 12  ആകുമ്പോള്‍ ഒന്ന് കുളിപ്പിക്കാന്‍ പ്ലാന്‍ ചെയ്യുന്നുണ്ടത്രേ.

(ലൈബ്രറി സയന്‍സ് പഠിക്കുന്ന ഒരു പയ്യനെ ഹോസ്റ്റലില്‍ അറിയുന്നത് "മത്ത" എന്ന പേരിലാണ്.
ഒറിജിനല്‍ പേര് എന്താണെന്ന് ആര്‍ക്കും നിശ്ചയമില്ല...!)

ഹോസ്റ്റലിലും കാമ്പസിലും ഇത്ര സ്ട്രോങ്ങ്‌ നെറ്റ്‌വര്‍ക്ക് ഉള്ള മുജീബിനോടാണോ കളി.
സംഭവം അവന്‍ നേരത്തെ അറിഞ്ഞിരിക്കുന്നു.
അങ്ങനെ ആരെങ്കിലും വന്നു വെള്ളമോഴിക്കുമ്പോ നിന്ന് കൊടുക്കുന്ന ആളൊന്നുമല്ല ഞാന്‍..
വാതില്‍ അകത്തു നിന്ന് പൂട്ടിയാല്‍ പോരെ?
പിന്നെ ആര് വന്നു വെള്ളമൊഴിക്കും. അത് കാണാമല്ലോ.

മുജീബ് നേരത്തെ ഭക്ഷണം കഴിച്ചു ഹോസ്റ്റല്‍ മുറി അകത്തു നിന്ന് ഭദ്രമായി പൂട്ടിയിട്ടു.
ഇനി ആരെ പേടിക്കാന്‍...

സമയം 12 ആയി.
മുജീബിന്റെ വാതിലില്‍ ഒരു മുട്ട് കേട്ടു.

"മുജീബ്, വാതില്‍ തുറന്നെ. ഒരു അത്യാവശ്യ കാര്യം ഉണ്ട്."
മത്തയുടെ തൃശ്ശൂര്‍ സ്ലാംഗ് ഓള്‍ഡ്‌ ബ്ലോക്കില്‍ ഉയര്‍ന്നു.

"ഹി..ഹി.. ഹി....മോനെ മത്തെ, കളി എന്നോടാണോ, നീ എന്തിനാ വന്നതെന്ന് അറിയാം. വെള്ളവും ബക്കറ്റും കൊണ്ട് പോയി ബാത്ത് റൂമില്‍ വയ്ക്കെടാ. എന്റെ പിറന്നാള്‍ നീ ഇത്ര ബുദ്ധി മുട്ടി ആഘോഷിക്കേണ്ട... പോ മോനെ..."

"ഇതിപ്പോ ആരാ ഇവനോട് പറഞ്ഞെ?..ഇവന്‍ എങ്ങനെ ഇതറിഞ്ഞു?"
തൊട്ടടുത്ത്‌ ബക്കറ്റു നിറയെ വെള്ളവുമായി നില്‍ക്കുന്നവനോട് മത്ത മന്ത്രിച്ചു.

നിരാശനായോ?
ഹേയ്..!!

"ഡാ മുജീബെ, അതിനോന്നുമല്ല, നീ വാതില്‍ തുറക്കൂ. ഒരു കാര്യം പറയട്ടെ."
വീണ്ടും തൃശൂര്‍ സ്ലാംഗ്.

"വേണ്ട മോനെ. ഇനി നീ എന്ത് പറഞ്ഞാലും ഞാന്‍ വാതില്‍ തുറക്കൂല..പോയി കിടന്നുറങ്ങെടാ. "
കല്പേനി ദ്വീപിന്റെ ഹോസ്റ്റലിലെ പ്രതിനിധിയോടാണ് കളി.

ഇനി അവിടെ നിന്നിട്ട് കാര്യമില്ലെന്ന് മത്തയ്ക്ക് തോന്നി.
ബക്കറ്റു നിറയെ വെള്ളവുമായി മത്തയും ടീമും ഹോസ്റ്റലിനു വെളിയിലേക്കിറങ്ങി.

"ഡാ  , ഇതങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. അവനെ ഇന്ന് കുളിപ്പിച്ചില്ലെങ്കില്‍ നാണക്കേടാണ്"..

"ബേ....ബേ....ബേ...."

ഹോസ്റ്റലില്‍ കുട്ടികളെക്കാള്‍ കൂടുതല്‍ എണ്ണം ഉള്ള പശുക്കള്‍ ആണ് മത്തയുടെ ആത്മഗതതോട്  പ്രതികരിച്ചത്.

മെന്‍സ് ഹോസ്റ്റലില്‍ ധാരാളം ശ്രീ കൃഷ്ണന്മാര്‍ ഉള്ളത് കൊണ്ട് ഗോക്കള്‍ക്ക് തീരെ പഞ്ഞമില്ല.

ഐശ്വര്യത്തിന്റെ സൈറന്‍ മുഴങ്ങുന്നതുപോലെ ഉള്ള അവറ്റകളുടെ കരച്ചില്‍ കേട്ടാണ് അമ്പാടി ഉറങ്ങുന്നതും ഉണ്ണുന്നതും.

"....എടാ...!!!"

മത്തയ്ക്ക് വല്ല ബോടോധയവും ഉണ്ടായോ?

പെട്ടെന്ന് ചാടി എഴുനേറ്റു ഗോക്കളുടെ കൂട്ടത്തെ നോക്കി നില്‍ക്കുകയാണ് മത്ത.
"അളിയാ...നമുക്കിന്നു മുജീബു ഖാന്‍ മോന് ഒരു നല്ല പണി തന്നെ കൊടുക്കണം...വാ...!! "
ഇത് പറഞ്ഞു കക്ഷി നേരെ പശുവിന്റെ അടുത്തേക്ക് നീങ്ങി.

സമയം അപ്പൊ 12 . 30 ആയിക്കാണും.
മത്തയുടെ കണക്കു കൂട്ടല്‍ പിഴച്ചില്ല.

"ഡാ.. ആ ബക്കറ്റു കൊണ്ടുവന്നേ....."
അവിടവിടെ നിരവധി ചാണക കൂനകള്‍!!!
കമ്പും ഇലയും ഒക്കെ കൊണ്ട് കക്ഷി കുറെ ചാണകം ബക്കറ്റിലെ വെള്ളത്തില്‍ കലക്കി.

"നീ എന്താടാ ചെയ്യാന്‍ പോകുന്നെ?"
ആര്‍ക്കോ സംശയം.
"മിണ്ടാതെ പോയെ... അളിയന് ഇന്ന് ഒരു പണി കൊടുക്കണം,"
കുനിഞ്ഞിരുന്നു ചാണക വെള്ളം കലക്കുന്ന മത്ത, മെല്ലെ തല ഉയര്‍ത്തി നോക്കി.
രണ്ടാം നിലയില്‍ മുജീബിന്റെ മുറിയില്‍ വെളിച്ചമുണ്ട്.
ഉറങ്ങിയിട്ടില്ല.

ഒരു ബക്കറ്റു നിറയെ ചാണക വെള്ളവുമായി ഹോസ്റ്റലിന്റെ രണ്ടാം നിലയിലേക്ക് വീണ്ടും മത്തയും ടീമും പടികള്‍ കയറി.

"മുജീബ് ഇനി വാതില്‍ തുറക്കില്ല. വെറുതെ കാത്തിരുന്നിട്ടു കാര്യമില്ല. "
ആരുടെയോ അഭിപ്രായം ഉയര്‍ന്നു.
"ശരിയാ. ഇപ്പൊ എന്താ ചെയ്ക....ഒന്നുമില്ല. അവന്‍ വാതില്‍ തുറക്കുന്നതുവരെ കാത്തിരുന്നാല്‍ പോരെ. വാതില്‍ തുറക്കുന്നത് വരെ നില്‍ക്കാം."

മത്ത പിന്മാറുന്ന ലക്ഷണമേ ഇല്ല.
"വാതിലിന്റെ അടുത്ത് നിന്നാല്‍ അവന്‍ തുറക്കില്ല. ഉറപ്പാണ്."
വീണ്ടും പ്രതിസന്ധി.

"ഒരു കാര്യം ചെയ്യാം. വാ.."
മത്തയ്ക്ക്  വീണ്ടും ബള്‍ബ്‌ കത്തി.

നേരെ തൊട്ടടുത്തുള്ള ബാത്ത് റൂമിലേക്ക്‌ നിശബ്ദമായി മത്തയും ടീമും കയറി.
സമയം പുലര്‍ച്ചെ ഒരു മണി ആകാറായിരിക്കുന്നു.
ബാത്ത് റൂമില്‍ കയറിയിട്ട് അര മണിക്കൂര്‍ ആകുന്നു.
സാധാരണ ഗതിയില്‍ അഞ്ചു മിനിറ്റ് മെന്‍സ് ഹോസ്റ്റല്‍ ബാത്ത് റൂമില്‍ നില്‍ക്കുക തന്നെ ഒരു പീഡനം ആണ്.

 ഇപ്പൊ അര മണിക്കൂര്‍ ആയിരിക്കുന്നു...!!
വിട്ടുകൊടുക്കില്ല.
സഹിക്കുകതന്നെ.

അകലെ, ഹോസ്റ്റലിന്റെ വെളിയില്‍, പശുക്കള്‍ മത്തയ്ക്ക് ഐക്യം പ്രഖ്യാപിച്ചു അമറുന്നു.
സമയം മുന്നോട്ടു തന്നെ.
ഒന്നും സംഭവിക്കുന്നില്ല.
ബാത്ത് റൂമില്‍ കയറി നില്‍ക്കാന്‍ തുടങ്ങിയിട്ട് ഒന്നര മണിക്കൂര്‍ ആകാറായി.

കൊതുക് കടി, മണം...
ഇല്ല, പിന്മാറില്ല.
രാമനാട്ടു കരയിലെ രാവിലെ 10 മണിക്ക് തുറന്നു രാത്രി 9  നു അടക്കുന്ന പുണ്ണ്യ സ്ഥലത്ത് മാത്രമേ ഇത്രയും ക്ഷമയോടെ ജീവിതത്തില്‍ കാത്തു നില്‍ക്കേണ്ടി വന്നിട്ടുള്ളൂ.

ഒരു അക്ഷരം പോലും മിണ്ടാതെ, ശ്വസിക്കുന്നത് പോലും പുറത്തു കേള്‍ക്കാതെ ആ ഇരുട്ടില്‍ നില്‍ക്കുകയാണ് ആ എഴരക്കൂട്ടം.
ഇതൊന്നും പോരാതെ തൊട്ടു മുന്നിലെ ബക്കറ്റിലെ ചാണക വെള്ളത്തില്‍ നിന്ന് വരുന്ന ഗന്ധവും.!
ആ ഇരുട്ടത്ത് ഇതൊക്കെ സഹിച്ചിട്ടു നില്‍ക്കാന്‍ തുടങ്ങിയിട്ട് രണ്ടു മണിക്കൂര്‍ ആകുന്നു.

സമയം പുലര്‍ച്ചെ രണ്ടര ആകുന്നു.

എവിടെ നിന്നോ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടോ?
മത്തയും ടീമും ജാഗരൂകരായി.
വാതിലിന്നിടയിലൂടെ മത്ത ഒളിഞ്ഞു നോക്കി.

"എടാ, അത് അവന്‍ തന്നെ..."
സന്തോഷം അടക്കാനാകുന്നില്ല.

മുജീബ് നടന്നു വരുന്നു.
ഹോസ്റ്റലിന്റെ ഇടനാഴിയിലെ ചെറിയ ഇരുട്ടിലൂടെ.
സിനിമയില്‍ പഴശ്ശിരാജ അവതരിക്കുന്നതുപോലെ...

ഒരുവിധം എല്ലാ മുറികളിലെയും ലൈറ്റ് അണഞ്ഞു കിടക്കുന്നു.
മുജീബ് സാവധാനം ബാത്ത് റൂമിലേക്ക്‌ കയറി.

'ആ മത്ത കാരണമാണ് ഇത്രയും നേരം ബാത്ത് റൂമില്‍ പോലും പോകാനാകാതെ പിടിച്ചിരുന്നത്.
മൂന്നു മണിക്കൂര്‍ ആയിരിക്കുന്നു വാതില്‍ അടച്ചു ഒരേ ഇരിപ്പ് ഇരിക്കുന്നു.
പാവങ്ങള്‍.... എല്ലാരും നേരത്തെ ഓഫ്‌ ആയിട്ടുണ്ടാകും..'
മനസ്സില്‍ വിചാരിച്ചു മുജീബ് ബാത്ത് റൂമിലേക്ക്‌ കയറാന്‍ കാലെടുത്തു വച്ചു.

"ബ്ലൂം...ബ്ലൂം...ബ്ലൂം..."
"ഹ..ഹ...ഹാ...!!!"
"അയ്യോ .."

അലര്‍ച്ചകളും അട്ടഹാസങ്ങളും പൊട്ടിച്ചിരികളും.....!!!!

ഓള്‍ഡ്‌ ബ്ലോക്ക്‌ കിടുങ്ങുകയാണ്.

ഓരോ റൂമിലും പെട്ടെന്ന്  ലൈറ്റ് തെളിയാന്‍ തുടങ്ങി.

പൊട്ടിച്ചിരികള്‍ നിലയ്ക്കുന്നില്ല.
ആരൊക്കെയോ നേരെ  ഓടി ചെന്ന് ബാത്ത് റൂമിലേക്ക്‌ കയറി നോക്കുന്നു.

ബാത്ത് റൂമിലേക്ക്‌ അവിടെ എന്താ സംഭവിച്ചതെന്നു അറിയാന്‍ ആകാംഷയോടെ കയറി നോക്കിയവര്‍ പൊട്ടിച്ചിരിച്ചു കൊണ്ട് പുറത്തിറങ്ങുന്നു.

അവിടെ കൂടി ഇരിക്കുന്നവര്‍ക്ക് ഇടയിലേക്ക് ബാത്ത് റൂമില്‍ നിന്ന് ഒടുവില്‍ മുജീബ് പുറത്തേക്കിറങ്ങി.

പൊട്ടിച്ചിരികള്‍ ഒന്നുകൂടി ഉച്ചത്തിലായി.

അവിടെ കൂടി നിന്നവരും ഓടി കൂടിയവരും ഒരേ സ്വരത്തില്‍ പറഞ്ഞു.
"ഹാപ്പി ബര്‍ത്ത് ഡേ ടു യു ..."
"ഹാപ്പി ബര്‍ത്ത് ഡേ ടു യു...."
"ഹാപ്പി ബര്‍ത്ത് ഡേ ടു യു.....മുജീബ്...."

ഒരു ചൈനീസ്‌ ചിരിയുമായി മുജീബ് പതിയെ പുറത്തെത്തി.

ചാണക വെള്ളത്തില്‍ കുളിച്ച ശരീരത്തോടെ....!!!


                   *                   *                  *
നേരം പുലര്‍ന്നു.
മെന്‍സ് ഹോസ്റ്റല്‍ മെസ്സില്‍ അപ്പവും മുട്ടക്കറിയും കഴിക്കാന്‍ നല്ല തിരക്ക്.
ഒരു വിധം എല്ലാ സീറ്റും നിറഞ്ഞിരിക്കുന്നു.

മെസ്സ് സമയം അവസാനിക്കാറായപ്പോള്‍ അതാ വരുന്നു മുജീബ്.

പെട്ടെന്ന് മെസ്സ് ഹാല്‍ നിശബ്ദമായി.
ഒരു നിമിഷത്തെ കനത്ത നിശബ്ദത.

പെട്ടെന്ന്..
അവിടെ കൂടിയിരിക്കുന്ന 120 ബോയ്സില്‍ നിന്നും ഒരേ ശബ്ദം ഹോസ്റ്റല്‍ മുഴുവന്‍ മുഴങ്ങി.
മുജീബിനു എല്ലാവരുടെയും ഒരു സ്വാഗത ഗാനം.

"ബേ...ബേ ....ബേ...!!"
"മുജീബേ...മുജീബേ.....ബേ .....!!!"
"ബേ....ബേ....!!!"
            *                 *                    *
































 

Monday, March 28, 2011

പത്രം ഓഫീസിലെ ഒരു പിറന്നാള്‍ ആഘോഷം


2005 ഡിസംബര്‍ 5 .

വൈകുന്നേരം 6 മണിയോടടുത്ത് സമയം.

തണുപ്പ് ഇപ്പോഴേ അരിച്ചിറങ്ങാന്‍ തുടങ്ങിയിരിക്കുന്നു.

എം സി ജെ ക്ലാസ്സിന്റെ തൊട്ടുമുന്‍പില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഐഷര്‍ വണ്ടിയിലേക്ക് ഓരോരുത്തരായി കയറി സൈഡ് സീറ്റ്‌ ബുക്ക്‌ ചെയ്യുന്നു.

മെന്‍സ് ഹോസ്റ്റെല്‍ മെസ്സിലേക്ക് തേങ്ങ വാങ്ങാന്‍ വില്ലൂന്നിയാലിലെ കടയില്‍ പോയവര്‍ എത്തിയിട്ടില്ല.
അവരെ കാത്തിരിക്കുകയാണ്.

മെസ്സ് നടത്തുന്നതിലെ ബുദ്ധി മുട്ടുകളെ കുറിച്ച് ഉറക്കെ സംസാരിച്ചു ഒടുവില്‍ അവരും എത്തി വണ്ടിയില്‍ കയറി.

ഐഷര്‍ കുണുങ്ങി കുണുങ്ങി ചെനക്കല്‍ നിന്ന് നീങ്ങി.
തണുപ്പ് ഒന്നുകൂടി കൂടിയോ.
ഐഷര്‍ ന്റെ ഗ്ലാസുകള്‍ പതിയെ അടയാന്‍ തുടങ്ങി.
                 *                   *                          *
എം സി ജെ ഒരു ബാച്ചിലെ കുട്ടികള്‍ ഒരു പത്രം ഓഫീസ് വിസിറ്റിംഗ് നു പോകുകയാ.
കോഴിക്കോട് ടൌണിലുള്ള
ഇന്ത്യന്‍ എക്സ്പ്രസ്സ്‌ ഓഫീസ് ആണ് ലക്‌ഷ്യം.

എക്സ്പ്രസ്സ്‌ ഓഫീസില്‍ ജോലി ചെയ്യുന്ന ഒരു എം സി ജെ പൂര്‍വ വിദ്യാര്‍ഥി വഴി കാര്യങ്ങള്‍ ഒക്കെ പ്ലാന്‍ ചെയ്തിട്ടാണ് വിസിറ്റ് നടത്തുന്നത്.

പത്രം ഓഫീസില്‍ പോയി അവിടുത്തെ ജേര്‍ണലിസ്റ്റ് പുലികള്‍ എന്തൊക്കെയാണ് ചെയ്യുന്നത്, അല്ലെങ്കില്‍ സബ് എഡിറ്റര്‍ മാര്‍ കോപ്പികള്‍ എഡിറ്റു ചെയ്യുന്നുണ്ടോ, രസിടന്റ്റ് എഡിറ്റര്‍ മാര്‍ വീട്ടില്‍ തന്നെയാണോ തുടങ്ങിയ കാര്യങ്ങള്‍ അറിയാനാണോ ഈ ട്രിപ്പ്‌?

അല്ലെങ്കില്‍, ഫോട്ടോ കമ്പോസിംഗ് യൂണിറ്റില്‍ എന്ത് ജോലി ആണ് ചെയ്യുന്നത്, പേജ് ലേ ഔട്ടിനു ഇപ്പോഴും പേജ് മേക്കര്‍ തന്നെയാണോ ഉപയോഗിക്കുന്നത്? അല്ല ക്വാര്‍ക്ക് എക്സ്പ്രസ്സ്‌ ഉണ്ടോ, ഇനി അഥവാ, അഡോബിന്റെ ഇന്‍ ഡിസൈന്‍ എന്ന പോസ്റ്റ്‌ മോഡേണ്‍ സോഫ്റ്റ്‌വെയര്‍ വന്നോ?

ഇതൊക്കെ പഠിക്കാനാണോ ഈ തണുത്ത രാത്രിയില്‍ ഈ യാത്ര?
ഹേയ്..!!
അങ്ങനെ പ്രത്യേകിച്ച് ആഗ്രഹങ്ങള്‍ ഒന്നും ഇല്ല.
വൈകുന്നേരം ഒന്ന് കറങ്ങാന്‍ കിട്ടിയ ചാന്‍സ്.

ഒന്ന് സോല്ലാം.
മാത്രമല്ല ഇനി പുലര്‍ച്ചെ ഒരു മണിക്കോ രണ്ടു മണിക്കോ ഹോസ്റ്റലില്‍ തിരികെ കയറിയാ മതി.
ബോര്‍ അടി മാറിക്കിട്ടും.

ഐഷര്‍ സുന്ദരി ഇന്ത്യന്‍ എക്സ്പ്രസ്സ്‌ ഓഫീസിനു മുന്നില്‍ പാര്‍ക്ക്‌ ചെയ്തു.
കൊച്ചു കണ്ണാടികളും ചീര്‍പ്പുകളും 16 പേരുടെ കൈകളിലൂടെയും കയറി ഇറങ്ങി.
മെല്ലെ മെല്ലെ ഓരോരുത്തരായി പത്രം ഓഫീസിലേക്ക് വലതു കാല്‍ വച്ച് കയറി.

അടുത്ത തല മുറയിലെ പത്ര പ്രവര്‍ത്തകരെ എക്സ്പ്രസ്സില്‍ ഉള്ളവര്‍ കാര്യമായി തന്നെ വരവേറ്റു.
റിപ്പോര്‍ട്ടിംഗ്, എഡിറ്റിംഗ് വിഭാഗങ്ങളികൂടെ ഓടി നടന്നു 16 പേരും അവിടെ ഉള്ളവരെ ജോലി ചെയ്യാന്‍ വിട്ടില്ല.

കുട്ടികളല്ലേ എന്ന് വിചാരിച്ചു ഓഫീസില്‍ ഉള്ളവരും കാര്യമായി ഒന്നും പറഞ്ഞില്ല.
ഒരു ദിവസമല്ലേ.
സഹിക്കുകതന്നെ...!
പേപ്പര്‍ കെട്ടുകള്‍ നിലത്തിട്ടും പേപ്പര്‍ വെയിറ്റ് ഇട്ടു പൊട്ടിച്ചും സംഘം നീങ്ങി.

ഒടുവില്‍ ന്യൂസ്‌ എഡിറ്റര്‍ മായി ഒരു നര്‍മ സല്ലാപം.
വിഡ്ഢി ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ ഒരു മത്സരം തന്നെ നടന്നു അവിടെ.
കിട്ടിയ അവസരം തങ്ങളുടെ "ക്ലാസ്" വെളിപ്പെടുത്താന്‍ ഓരോരുത്തരും നന്നായി വിനിയോഗിച്ചു.

സമയം രാത്രി 11  ആയി.
എല്ലാവരും പതിയെ പ്രിന്റിംഗ് കാണാന്‍ പ്രസ്സിലേക്ക് നീങ്ങി.
കാസര്‍ഗോഡ്‌, വയനാട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പത്രങ്ങള്‍ ആദ്യം പ്രിന്റ്‌ ചെയ്യും.
ആദ്യ പ്രിന്റിംഗ് ഉടനെ തുടങ്ങും.

കുട്ടികള്‍ ഓരോരുത്തരായി അവിടെ ഒക്കെ കറങ്ങി നടക്കുന്നു.
വിനോയ് അവിടെ ഉള്ള പ്രിന്റിംഗ് മഷിയുടെ കളര്‍ നോക്കുന്നു.
മറ്റു ചിലര്‍ പേപ്പര്‍ റോള്‍ ന്റെ വലുപ്പം കണ്ടു അത്ഭുതം കൂറുന്നു.
ചില പൂവന്‍ കോഴികള്‍ പിടക്കോഴിയെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുന്നു.

സുന്ദരി പെണ്‍കുട്ടികളെ കണ്ടപ്പോ പ്രസ്സില്‍ ഉള്ളവര്‍ക്കും ആകെ ഒരു ഉഷാര്‍.
പ്രിന്റിംഗ് തുടങ്ങാന്‍ സമയം ആയി.

ജോലിക്കാര്‍ ഉഷാറായി നില്‍ക്കുന്നു.
ഇനി നോണ്‍ സ്റ്റോപ്പ്‌ പണിയാണ്.

മെഷീനിലേക്ക് വാര്‍ത്തകളുടെ ഫിലിം ഷീറ്റ് വയ്ക്കുകയാണ് ജോലിക്കാര്‍.
കാതടപ്പിക്കുന്ന ശബ്ദത്തോടെ മെഷീന്‍ വര്‍ക്ക്‌ തുടങ്ങി.
മെഷീനിലൂടെ ന്യൂസ്‌ പ്രിന്റുകള്‍ ഓടി നടന്നു.

ഒടുവില്‍, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ പത്രം ചൂടോടെ മഷീനില്‍ നിന്ന് പുറത്തേക്കു വന്നു.
പ്രിന്റിങ്ങില്‍ വല്ല പിശകും ഉണ്ടോ എന്ന് ഇടയ്ക്കിടെ ജോലിക്കാര്‍ നോക്കുന്നുണ്ട്.

സമയം 12 ആകുന്നതെ ഉള്ളൂ.
പക്ഷെ നാളത്തെ പത്രം റെഡി..!
                       *                       *                           *

കര്‍ണന്‍ സര്‍ ന്റെ നേതൃത്വത്തില്‍ ഉള്ള സംഘം എക്സ്പ്രസ്സ്‌ ഓഫീസില്‍ നിന്ന് ഇറങ്ങാന്‍ തീരുമാനിച്ചു.
എല്ലാവരുടെയു കൈകള്‍ ഒന്നിലേറെ തവണ പിടിച്ചു കുലുക്കി 'താങ്ക്സ്' 'താങ്ക്സ്' എന്ന് പറഞ്ഞു എല്ലാവരും പുറത്തേക്കിറങ്ങാന്‍ തുടങ്ങി.
പുറത്തു നല്ല തണുപ്പ്.
ഡിസംബറിലെ അര്‍ദ്ധരാത്രിയാണ്.

ചിലരൊക്കെ ഐഷരില്‍ കയറാന്‍ അങ്ങോട്ടേക്ക് നീങ്ങി.
ചിലര്‍ എന്തോ കിട്ടാനുള്ളത് പോലെ അവിടെ ഒക്കെ ചുറ്റി പറ്റി നിന്നു.

"രാജീവാ.. ഇനി എന്താ? "
വിനോയിയുടെ ശബ്ദം തണുപ്പിനെ കീറി മുറിച്ചു ഉയര്‍ന്നു.

"ഇനിയോ..എന്ത്..പോയേക്കാം..അല്ലേ?
"ആ ..പോകാം. ഞാന്‍ ഒന്ന് ബാത്ത് റൂമില്‍ പോയിട്ട് വരാം.നീ വരുന്നോ?"

"ശരി. ഞാനും വന്നേക്കാം."
ഒരു കമ്പനി കൊടുത്തേക്കാം എന്ന് വിചാരിച്ചു ഞാനും അവന്റെ പുറകെ ബാത്ത് റൂമിലേക്ക്‌ മണ്ടി.
ബാത്ത് റൂമില്‍ പോകേണ്ട ആവശ്യം ഒന്നും ഇല്ല.
എങ്കിലും.....

ഒരു ടോയിലെറ്റില്‍ അവന്‍ കയറി. തൊട്ടടുത്തത്തില്‍‍ ഞാനും.
സാധാരണ പോലെ, വാതില്‍ ഒന്നും അടച്ചില്ല.
ആ സ്വഭാവം ഞങ്ങള്‍ക്ക് പണ്ടേ ഇല്ല.
പിന്നെ അല്ലെ ഈ അര്‍ദ്ധ രാത്രി.
അതും ഒരു പത്രം ഓഫിസ്.

ചുവരിന്റെ ഭംഗി ഒക്കെ ആസ്വദിച്ചു പതുക്കെ സിബ് വലിച്ചൂരി.
വേഗം പോകണം.
കര്‍ണന്‍ സര്‍ വെയിറ്റ് ചെയ്യുന്നുണ്ടാകും.

മൂത്രമൊഴിച്ചു പകുതി ആകുന്നതെ ഉള്ളൂ.

അപ്പൊ വിനോയിയുടെ ചോദ്യം,
"രാജീവാ. സമയം എത്ര ആയി."
"12 ആകുന്നു"
"12 ആയില്ലേ? "
വിനോയ് വീണ്ടും ചോദിച്ചു.

ഒന്നുകൂടി വാച്ചിലേക്ക് നോക്കി.
ഓ.... 12 മണി ആയിരിക്കുന്നു.
"12 ആയി മോനെ.. " ഞാന്‍ ഒന്നുകൂടി ഉറക്കെ പറഞ്ഞു.
ദേ...വീണ്ടും അവനു സംശയം.
"ശരിക്ക് 12 ആയോ?"

ഇതെന്താ ഇവന് പറ്റിയത്?
സമയത്തെ കുറിച്ച് ഒരിക്കലും ചിന്തിക്കാത്ത ഒരു മനുഷ്യന്‍.
ഇപ്പൊ പെട്ടെന്ന് കൃത്യ സമയം അറിയണം പോലും.
"ആയി അളിയാ. കറക്റ്റ് 12 മണിയായി.."
"അപ്പൊ 12 മണി ആയി അല്ലേ.."

ഞാന്‍ ഊന്നുകൂടി കണ്‍ഫേം  ചെയ്തു.
"ആ..12 ആയി.."

പെട്ടെന്ന്....

"അയ്യോ.."

എന്നില്‍ നിന്ന് അറിയാതെ ഒരു അലര്‍ച്ച ഉച്ചത്തില്‍ പുറത്തേക്കു വന്നു.
എന്താ അത്...!!!

കെട്ടിടം ഇടിഞ്ഞു തലയില്‍ വീണോ?
അതോ ഹിമാലയത്തിലെ ഐസ് മുഴുവന്‍ എന്റെ മുകളിലേക്ക് ആരെങ്കിലും ഇട്ടോ...

എന്തൊക്കെയോ ഇടിഞ്ഞു പൊളിഞ്ഞു വീണോ?
ഒന്നും മനസിലാകുന്നില്ല.

ശരീരം പെട്ടെന്ന് പൂജ്യം ഡിഗ്രി തണുപ്പിലേക്ക് താഴ്ന്നത് പോലെ.
ശരീരം മുഴുവന്‍ നനഞ്ഞു ഒലിക്കുന്നു.
ഷര്‍ട്ട് ഉം പാന്റും ഒക്കെ മുഴുവനായി നനഞ്ഞിരിക്കുന്നു.

വെള്ളം തലയില്‍ കൂടി ഒക്കെ ഒഴുകുന്നു.
തണുത്തു വിറക്കുന്നു.
ഡിസംബറിലെ കൊടും തണുപ്പും.
ഇതെവിടുന്നു വന്നു ഈശ്വരാ.!!
ഒന്നും മനസിലാകുന്നില്ല.

ഒരു സെക്കന്റ്‌ കൊണ്ട് മനസിലൂടെ ചിന്തകള്‍ മാറി മാറി ഓടി.
കണ്ണ് തുറന്നു നോക്കി.
എന്താ സംഭവിച്ചതെന്നു.
പുറത്തു നിന്ന് ഒരു ചിരി കേട്ടോ?
വിനോയ് എവിടെ?

സിബ് പോലും ഇടാതെ പുറത്തേക്കു ഓടി ഇറങ്ങാന്‍ നോക്കി.
ഹയ്യോ. ..!!
വീണ്ടും അടുത്ത പ്രഹരം.!
തലയിലൂടെ ഐസ് വെള്ളം വീണ്ടും ഒഴുകി ഇറങ്ങുന്നു.

എന്താ ഈ ലോകത്തിനു സംഭവിക്കുന്നത്‌.
കണ്ണ് തുറന്നു നോക്കി.
നമ്മുടെ വിനോയ് അതാ ഓടി പോയി ബക്കറ്റില്‍ വെള്ളം നിറക്കുന്നു..
ഇവനെന്താ ചെയ്യുന്നത്?

ടാപ്പില്‍ നിന്ന് വെള്ളം വരുന്നത് കാത്തു നില്‍ക്കാന്‍ അവന്‍ നിന്നില്ല.
ഓടി പോയി തൊട്ടടുത്ത ടോയിലെറ്റില്‍ പോയി അവനുണ്ട് ഒരു ബക്കറ്റ് നിറയെ വെള്ളവുമായി വരുന്നു.
ഞാന്‍ നിന്ന് വിറക്കുകയാണ്.
വായില്‍ നിന്ന് വാക്കുകള്‍ പുറത്തേക്കു വരുന്നില്ല.

ഇവന്‍ ഈ ബക്കറ്റു വെള്ളവുമായി എന്ത് ചെയ്യാന്‍ പോകുകയാ?

തൊട്ടു മുന്നിലെത്തി.

അവന്‍ ചിരിക്കുന്നുണ്ടോ?

പെട്ടെന്ന്..

കയ്യിലെ ബക്കറ്റില്‍ ഉള്ള മുഴുവന്‍ വെള്ളവും അവന്‍ എന്റെ തലയിലൂടെ ഒഴിച്ചു..!!

മൂന്നാമത്തെ പ്രഹരം..!

ഇപ്പൊ മനസിലായി.
എന്താ സംഭവിച്ചതെന്നു...

അവന്‍ ചെയ്തതാണ് ഇത്.
ബക്കറ്റിലെ വെള്ളം ഒഴിപ്പിച്ചു ഈ തണുപ്പത്ത് എന്നെ കുളിപ്പിച്ചത് ഇവന്‍ തന്നെ.

ഇവന്‍ തന്നെ...!!

ദൈവമേ ..ടോയിലെട്ടിലെ മൂന്നു ബക്കറ്റു വെള്ളം ആണ് എന്റെ ശരീരത്ത് കൂടെ ഒഴുകി ഇറങ്ങിയത്‌.
കൊടും തണുപ്പും.
സ്ഥലമോ...
ഒരു പത്രം ഓഫീസി ന്റെ ബാത്ത് റൂം.

ഈശ്വരാ.. !!
എന്താ ഇത്..
എന്താ ഇവന്‍ ചെയ്യുന്നേ...

ഒരു മിനുട്ട് കൊണ്ട് ഇവന് ഭ്രാന്തു പിടിച്ചോ?
ഞാന്‍ ഒന്ന് കൂടി നോക്കി.
അവന്‍ വീണ്ടും പോയി ബക്കറ്റില്‍ വെള്ളം നിറക്കുന്നു.

ഓടി രക്ഷപ്പെടുക തന്നെ.

പുറത്തേക്കു ഓടി ഇറങ്ങാന്‍ നോക്കി.
പൊട്ടി ചിരിച്ചു കൊണ്ട് ആ ബക്കറ്റില്‍ നിറഞ്ഞ പകുതി വെള്ളം എന്റെ പുറകിലൂടെ അവന്‍ വീണ്ടും ഒഴിച്ച്.
ഞാന്‍ അറിയാതെ വീണ്ടും ഒരു അലര്‍ച്ച പുറത്തേക്കു വന്നു.

ഓടി പുറത്തിറങ്ങി.
എന്റെ അലര്‍ച്ച കേട്ട് സെക്യൂരിറ്റി ജോലിക്കാര്‍ ടോയിലെട്ടിന്റെ മുന്നില്‍ എത്തിയിരിക്കുന്നു.
നാല് പ്രാവശ്യമാണ് നന്നായി അലറിയത്..!!!

പുറത്തെത്തി.
നനഞ്ഞു കുളിച്ചിരിക്കുന്നു....!!

കാര്യങ്ങള്‍ ഒക്കെ സാധാരണ പോലെ തന്നെ.
കര്‍ണന്‍ സര്‍ ഇത്തിരി പേടിച്ചിട്ടുണ്ടോ ഒച്ച കേട്ടിട്ട്?

ഏതായാലും സെക്യൂരിറ്റി ജീവനക്കാര്‍ ജാഗരൂകരായി നില്‍ക്കുകയാണ്.
പക്ഷെ, എന്റെ മറ്റു സഹപാടികളുടെ ചുണ്ടില്‍ ഒരു ചിരി കാണുന്നുണ്ടോ?

എന്റെ അവസ്ഥ ഇവര്‍ ആരും കാണുന്നില്ലേ?

അപ്പോഴുണ്ട് പുറകില്‍ ബാത്ത് റൂമില്‍ നിന്ന് വിനോയിയുടെ ശബ്ദം ഉയരുന്നു!

"...രാജീവാ...ഹാപ്പി ബര്‍ത്ത് ഡേ. ...!!!!"
തണുത്തു മരവിച്ചു നില്‍ക്കുന്ന എന്റെ മനസിലൂടെ ഒരു കൊള്ളിയാന്‍ മിന്നി.

എന്റമ്മോ!!!

അതെ 12 മണി കഴിഞ്ഞിരിക്കുന്നു.

ഇന്ന് ഡിസംബര്‍ 6 .

എന്റെ പിറന്നാള്‍...!!!

ഹോസ്റ്റലില്‍ സാധാരണ പിറന്നാള്‍ ആഘോഷിക്കുന്നത് ചാണക വെള്ളം ഒഴിച്ചും മറ്റുമാണ്.
ഇന്ന് ആ സമയത്ത് ഞാന്‍ പത്രം ഓഫീസില്‍ ആയി പോയി.

കശ്മലന്മാര്‍....!!

ടോയിലെട്ടിലെ 4 ബക്കറ്റു വെള്ളമാണ് ഒഴുകി ഇറങ്ങിയത്‌.

അതും പത്രം ഓഫീസിലെ കക്കൂസില്‍ വച്ച്.

തണുപ്പ് തുണികളിലൂടെ അരിച്ചിറങ്ങുന്നു.
വീണ്ടും പുറകില്‍ നിന്ന് ഗംഭീര ശബ്ദം ഉയര്‍ന്നു.

"ഹാപ്പി ബര്‍ത്ത് ഡേ ടു യു .."
തണുത്തു വിറച്ചു എന്റെ പല്ലുകള്‍ കൂട്ടിയിടിക്കുകയാണ്.ചെറുതായി ഒരു അളുംപ് മണം ഉയരുന്നുണ്ടോ?

ഇപ്പൊ മറ്റു സഹാപടികള്‍ അത് ഏറ്റു പറയാന്‍ തുടങ്ങിയിരിക്കുന്നു.
"ഹാപ്പി ബര്‍ത്ത് ഡേ ടു യു .."
"ഹാപ്പി ബര്‍ത്ത് ഡേ ടു യു .....രാജീവാ...!!!!".


                     *                       *                      *              














 

Saturday, March 26, 2011

ലേഡീസ് ഹോസ്റ്റെലിലേക്ക് ഒരു മെഴുകുതിരി വെട്ടം..


പിറന്നാള്‍ ആഘോഷം ഇനി ഹോസ്റ്റലില്‍ ആയാലോ?
എങ്ങനെ ആയിരിക്കും രീതികള്‍?

ഹോസ്റ്റല്‍ ആണ്‍ കുട്ടികളുടെതോ പെണ്‍ കുട്ടികളുടെതോ ആകട്ടെ..

വെറുതെ കേക്ക് മുറിക്കല്‍ ആയിരിക്കുമോ പരിപാടികള്‍?

ഹേയ്..! അങ്ങനെ ആകാനേ വഴിയില്ല..!

നമുക്ക് ഒന്ന് ഹോസ്റ്റെലില്‍ ഒളിഞ്ഞു നോക്കിയാലോ?

ഒളിഞ്ഞു നോക്കാന്‍ പറ്റിയ സ്ഥലം ഏതു ഹോസ്റ്റല്‍ ആണ്?
അതെ, അവിടെ തന്നെ....

അവിടെ നിന്ന് തന്നെ തുടങ്ങാം..

നിങ്ങള്‍ ലേഡീസ്‌ ഹോസ്റ്റലില്‍ പോകണം എന്നൊന്നുമില്ല അവിടുത്തെ വിവരങ്ങള്‍ അറിയാന്‍. അവിടുന്ന് മെന്‍സ് ഹോസ്റ്റല്‍, ക്ലാസ്സ്‌ മുറികള്‍ എന്നീ സ്ഥലങ്ങളിലേക്കൊക്കെ V P N ലൈന്‍ വലിച്ചിട്ടുണ്ടാകും. സംഭവങ്ങള്‍ അപ്പപ്പോള്‍ തന്നെ എത്തേണ്ടിടത്ത് എത്തുകയും ചെയ്യും.

ഇനി അഥവാ അവിടെ നടക്കുന്നതൊക്കെ നേരിട്ട് കാണണോ?

എങ്കില്‍, ബ്യൂട്ടി സ്പോട്ടില്‍ പോകുന്നെന്ന വ്യാജേന അതുവഴി ഒക്കെ കറങ്ങി നടന്നാ മതി.
നാല് ഭാഗവും റോഡ്‌ കൊണ്ട് ചുറ്റപ്പെട്ട സുന്ദരിമാരുടെ ദ്വീപ്‌ അടുത്തുനിന്നു തന്നെ കാണാം..


ഏതായാലും നമുക്ക് മെഴുകുതിരി വെട്ടത്തില്‍ ചില കാഴ്ചകള്‍ കാണാം.
   *                      *                            *

അങ്ങനെ, ഹോസ്റ്റലിലെ ഒരു ബ്ലോക്കിലെ ഉണ്ണിയാര്‍ച്ചയുടെ പിന്മുറക്കാരായ 9 ധീര വനിതകള്‍ ഒരു തീരുമാനത്തിലെത്തി. കുറേ നാളായി വിചാരിക്കുന്നു.

ഇനി വിട്ടുകൊടുക്കാന്‍ പറ്റില്ല. ഇതെന്താ നമ്മള്‍ക് പറ്റില്ലേ...

മള്‍ട്ടിപ്പിള്‍ ഫോക്കസ് ക്യാമറകള്‍ക്ക് മുന്നില്‍ ഒരു മണിക്കൂര്‍ ഇരുന്നു ലൈവ് വാര്‍ത്തകള്‍ വായിക്കുന്നവര്‍ തന്നെയാണ് നമ്മളും!

പിന്നെന്താ വേണ്ടേ?

അങ്ങനെയാണ് ഒരു ദിവസം, പൊതുവേ കുടിയനെന്ന പേര് ഉണ്ടെങ്കിലും പരോപകാരിയായ സഹപാഠിയെ കൊണ്ട് ഒരു കുപ്പി വാങ്ങിപ്പിച്ചത്.

സമര്‍ത്ഥനായ അവന്‍ അത് ഭദ്രമായി പൊതിഞ്ഞു ബ്രഡ് ഒക്കെ കൊണ്ട് പോകുന്നത് പോലെ ലേഡീസ് ഹോസ്റ്റല്‍ ഗേറ്റില്‍ എത്തിച്ചു.

കൂടെ ഫ്രീ ആയി  ഒരു ഉപദേശവും..

"എടീ...സൂക്ഷിക്കണേ.. എന്നെ നാറ്റിക്കല്ലേ.."

സ്ത്രീകള്‍ ചതിക്കില്ല. 
അത് കൊണ്ട് തന്നെ ആ കുപ്പി അവര്‍ ആരോരും അറിയാതെ തന്നെ അകത്താക്കാന്‍ വഴികള്‍ നോക്കി.

നില നില്‍പ്പിന്റെ പ്രശ്നം ആണേ...

ബ്യൂട്ടി സ്പോട്ടിലെ റബ്ബര്‍ മരങ്ങളില്‍ ഇരുട്ട് പരന്നു.

ലേഡീസ് ഹോസ്റ്റല്‍ ഗേറ്റില്‍, സര്‍ക്കിള്‍ കിളികള്‍ കൂടണയാന്‍ പോകുന്നതിനു മുന്‍പുള്ള കലപില.

ആ ഒന്‍പതു പേര്‍, ഹോസ്റ്റെലിന്റെ മുകളിലത്തെ നിലയില്‍ ഒരു മുറിയില്‍ പാത്തും പതുങ്ങിയും ഇഴഞ്ഞും എത്തി.
കയ്യിലുള്ള ഒരു കുപ്പി ഇന്ന് വെറും ഒന്‍പതു പേര്‍ ചേര്‍ന്ന് കഴിക്കാന്‍ പോകുകയാ...

എന്ത് കുപ്പിയാ?

അതെ, അത് തന്നെ.

ഒരു കുപ്പി ബിയര്‍....!!!!!

ആരും ഒന്നും സംസാരിക്കുന്നില്ല.
കാമാണ്ടോ ഓപറേഷന്‍ തുടങ്ങുന്നതിനു മുന്‍പുള്ള നിശബ്ദത.
ചിലര്‍ കൈ നെഞ്ചില്‍ ചേര്‍ത്ത് വച്ച് ഹൃദയമിടിപ്പ്‌ എണ്ണുന്നു.
ചിലര്‍ പ്രാര്‍ഥിക്കുന്നു.

ബുദ്ധിമതിയായ ഒരുത്തി നേരെ പോയി ലൈറ്റ് ഉം ഓഫ്‌ ചെയ്യുന്നു.
അതിലും ബുദ്ധിമതിയായ മറ്റൊരുവള്‍ കയ്യില്‍ കരുതിയ മെഴുകുതിരി തെളിക്കുന്നു...

ഒന്‍പതു പേര്‍ റൂമിന്റെ നാല് ചുവരുകളോട് ചേര്‍ന്ന് മുഖത്തോട് മുഖം നോക്കി നില്‍കുകയാണ്‌.
കത്തിയെരിയുന്ന മെഴുകുതിരി സാക്ഷി.

മെന്‍സ് ഹോസ്റ്റെലിലെ ചെക്കന്മാര്‍ പറയുന്നത് പോലെ നമ്മളും ഇന്ന് വെള്ളമടിക്കാന്‍ പോകുകയാണ്.
ആ സുന്ദര മുഹൂര്‍ത്തം വന്നെത്തി.

നടുക്കുള്ള മേശമേല്‍ മെഴ്കുതിരി എരിയുന്നു.
ഒരു ബിയര്‍ കുപ്പി തൊട്ടടുത്ത്‌.
പിന്നെയോ?
9 ഗ്ലാസ്.

തീര്‍ന്നില്ല.
നമ്മള്‍ അത്ര ലോക വിവരം ഇല്ലാത്തവര്‍ ഒന്നും അല്ല.
ഒരു കൂജ നിറയെ തണുത്ത വെള്ളവും കരുതിയിട്ടുണ്ട് മേശമേല്‍....!!!

ഇനിയാണ് കളി.

കൂട്ടത്തിലെ ധൈര്യ ശാലി ബിയര്‍ കുപ്പിയുടെ അടപ്പ് ഊരി മാറ്റി.

കുപ്പി താഴെ വച്ചപ്പോ തന്നെ ഒന്‍പതു പേരും മാറിമാറി വന്നു ബിയര്‍ കുപ്പി മൂക്കോട് ചേര്‍ത്ത് വച്ച് അതിന്റെ ഗന്ധം ആസ്വദിച്ചു "അയ്യേ" എന്ന് പറഞ്ഞു അതെ സ്ഥലത്ത് പോയി നിന്നു.

സാധാരണ ലേഡീസ് ഹോസ്റ്റലില്‍ 9  പേര്‍ ഒത്തു കൂടിയാല്‍ അത് ചേളാരി ചന്തയാണോ എന്ന് ശങ്കിച്ച് ഉല്പ്രേക്ഷിക്കുമായിരുന്നു കവിമനസുകള്‍.

ഇവിടെയോ?

സെമിനാര്‍ കോംപ്ലെക്സില്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുമ്പോള്‍ അരുതാത്ത രംഗം വരുമ്പോള്‍ ഉണ്ടാകുന്ന നിശബ്ദത.

ഇനി?

ഒന്നും നോക്കാനില്ല. ഒഴിക്കുകതന്നെ.

വരുന്നിടത്ത് വച്ച് കാണാം.

നിരത്തി വച്ചിരിക്കുന്ന ഓരോ ഗ്ലാസ്സിന്റെ മുകളിലൂടെയും ബിയര്‍ കുപ്പി ഒന്ന് കറങ്ങി വന്നു.
ബിയര്‍ കുപ്പിയില്‍ ഇപ്പോഴും പകുതിയോളം കിടക്കുന്നു.

കിടക്കട്ടെ.

അടുത്ത റൌണ്ടില്‍ വീശാം.

ഉള്ള അറിവ് വച്ച് ബാക്കി കൂടി അങ്ങ് ചെയ്യുക തന്നെ.
അതിലൊരുവള്‍, കൂജയിലെ വെള്ളം ഓരോ ഗ്ലാസ്സിലും ശ്രദ്ധയോടെ പകര്‍ന്നു.

9 ഗ്ലാസും നിറഞ്ഞു നിന്നു. ചെറിയ ഒരു സ്വര്‍ണ വര്‍ണത്തോടെ.
എന്തായാലും കൂജ ഒരുവിധം കാലിയായി.

ഇത്രയും പോരല്ലോ.
കഴിക്കേണ്ടെ...
വേണം.

ആര് ആദ്യം തുടങ്ങും
തര്‍ക്കം...തര്‍ക്കം..

ഒടുവില്‍, ഒരേ സമയം തന്നെ 9  ഗ്ലാസ്സുകളും മേശമേല്‍ നിന്നു ഉയര്‍ന്നു.
മെഴുകുതിരി വെട്ടം മാത്രം.
വാതില്‍ പൂട്ടിയിട്ടിരിക്കുന്നു.
ജനല്‍ അടച്ചു കര്‍ട്ടന്‍ ഇട്ടിട്ടുണ്ട്.

ആദ്യമായിട്ടാണെങ്കിലും, പറഞ്ഞു കേട്ടത് അവര്‍ മറന്നിരുന്നില്ല.
9 ഗ്ലാസുകളും പതിയെ ഒന്ന് മുട്ടിച്ചു.

ചെറുതായി പരസ്പരം ചെവിയില്‍ ഒരു 'ചിയേര്‍സ്' ഉം...!!

പോരെ....!

എത്ര നാളത്തെ ആഗ്രഹം ആണ്.

ഇതാ തൊട്ടു മുന്‍പില്‍.

ചിലര്‍ മൂക്ക് ഒരു കൈ കൊണ്ട് അടച്ചു പിടിച്ചു ഗ്ലാസ് വായിലേക്ക് കമഴ്ത്തി.
ചിലര്‍ വീണ്ടും വീണ്ടും ഗ്ലാസ് മണത്തു നോക്കി സിപ്പ് ചെയ്തു.

അങ്ങനെ അങ്ങനെ ഗ്ലാസ്സുകള്‍ കുറേശ്ശെ കാലിയായി തുടങ്ങി.

ഇപ്പൊ അല്‍പ്പം ഒച്ച പൊങ്ങാന്‍ തുടങ്ങിയോ...?
ബീറിന്റെ രുചി അവര്‍ പങ്കു വെക്കാന്‍ തുടങ്ങി.

പറഞ്ഞു കേട്ട വീര സാഹസിക കാര്യങ്ങള്‍ ആദ്യമായി ചെയ്തപ്പോ അഭിമാനം അടക്കാനായില്ല.

ഒന്നാം റൌണ്ട് ഒരു വിധം കഴിഞ്ഞു...

ഇത്രയേ ഉള്ളോ...?

നമുക്ക് ഒന്നും തോന്നുന്നില്ലല്ലോ....!
എന്നിട്ടാണോ ഈ ചെറുക്കന്മാര്‍ ഇങ്ങനെ ഒക്കെ ഇതിനു വേണ്ടി......

എന്തൊക്കെ റിസ്ക്‌ എടുത്തിട്ടാ അവര്‍ ഒരു ഫുള്‍ സംഘടിപ്പിക്കുന്നത്.
പാവങ്ങള്‍....
ആണുങ്ങള്‍ക്ക് കാപ്പാസിട്ടി കുറവാണോ?
മേശമേല്‍ അപ്പോഴും ബിയര്‍ കുപ്പിയുടെ പകുതിയും മെഴുകുതിരി വെട്ടത്തില്‍ തിളങ്ങുന്നു.....!!!


           *                    *                         *

പെണ്‍കൊടികള്‍ ആ ബിയര്‍ ബോട്ടില്‍ മുഴുവനും വീശിയോ ആവോ..

ഏതായാലും അവര്‍ ചെക്കന്മാര്‍ക്ക് പിന്നീട് ഒരു ഉപദേശം കൊടുക്കാന്‍ മറന്നില്ല.

"അല്ല, നിങ്ങള്‍ എന്തിനാണ് ഇങ്ങനെ കുടിക്കുന്നേ?? നമ്മള് കുടിച്ചിട്ട് നമ്മള്‍ക്കൊന്നും തോന്നിയില്ലല്ലോ. ഭാരം കുറയുന്നതായിട്ടു നമുക്കാര്‍ക്കും തോന്നിയില്ല....
നിങ്ങള്‍ എന്തിനാ ഇങ്ങനെ വെറുതെ പൈസ കളയുന്നേ??????


                          *                         *                        *
ഭരത വാക്യം:
ഇതൊക്കെ വെറും പഴഞ്ചന്‍ കാര്യങ്ങള്‍. ഇപ്പൊ ചെര്‍ക്കന്മാര്‍ക്ക് പുതിയ പുതിയ ബ്രാന്‍ഡും മറ്റും SMS വരുന്നത് ലേഡീസ് ഹോസ്റ്റെലിലെ കൊണിപ്പടികളില്‍ നിന്നാണത്രേ....!

                                                           -ശുഭം..!




































Wednesday, March 16, 2011

ഒരു പിറന്നാള് ആഘോഷം

ആഘോഷിക്കാനുള്ളത് തന്നെയാണ് പിറന്നാള്‍. ആഘോഷം കൊഴുപ്പിക്കാന്‍ വേണമെങ്കില്‍ വിദേശം വരെ ഒരു പറക്കല്‍ നടത്താം. അല്ലെങ്കില്‍ കൂട്ടുകാരെ വിളിച്ചു മെഴുകുതിരി ഊതി കെടുത്തി മധുരം നുണഞ്ഞും സന്തോഷം പങ്കിടാം. ആണ്‍ കുട്ടികളുടെയോ പെണ്‍ കുട്ടികളുടെയോ ഹോസ്റ്റലില്‍ ആണെങ്കില്‍ എങ്ങനെയായിരിക്കും നിങ്ങള്‍ പിറന്നാള്‍ ആഘോഷിക്കുക?

  വേണ്ട.... നിങ്ങള്‍ അതിനൊന്നും മിനക്കെടേണ്ട. കലണ്ടറില്‍ ചുവന്ന മഷി കൊണ്ട് വട്ടമിട്ടു അതിനു വേണ്ടി കാത്തിരിക്കാനും നടത്താനും നിങ്ങളുടെ കൂട്ടുകാര്‍ തന്നെ മുന്നിലുണ്ടാകും. നമ്മള്‍ വെറുതെ നിന്നു കൊടുത്താല്‍ മതി........... അല്ലെങ്കില്‍ ഓടി രക്ഷപ്പെട്ടോണം. 

  കലണ്ടറില് ചുവന്ന വട്ടം വരയ്ക്കാന് മാത്രമല്ല, ആഴ്ചകള് മുന്പേ പ്ലാന് ചെയ്തു ചടങ്ങ് കൊഴുപ്പിക്കാനും അനവധി ആള്ക്കാര് ഉണ്ടാവും ക്യാമ്പസുകളില്. അത് നിങ്ങളുടെ കൂടെ ഉണ്നുന്നവനാകാം, ഉറങ്ങുന്നവനാകം ,ഹോസ്റ്റല് പണിയാന് കൊണ്ട് വച്ച കമ്പി പാര അടിച്ചുമാറ്റി വില്ക്കാന് കൂടെ വന്നവനാകാം,  ഒരേ പേപ്പര് ഉപയോഗിച്ച് പരീക്ഷകളില് കോപ്പി അടിക്കുന്നവനുമാകാം. ഇക്കാര്യത്തില് ഹോസ്ടലുകളില്, കയലി ഉടുക്കുന്നവനെന്നും ബെര്മുഡ ഇടുന്നവനെന്നും വ്യതാസമില്ല.

  അക്ഷരമാല '' യില് തുടങ്ങുന്നതുപോലെ, കഥയുടെയും തുടക്കവും '' തന്നെ ആകട്ടെ...

  അങ്ങനെ ആശയുടെ പിറന്നാളും വന്നെത്തി. യൂനിവേര്സിടിയില് വന്നിട്ട് അധികം നാള് ആയുമില്ല. 'ടോക്' ചെയ്യുമ്പോഴും 'വാക്' ചെയ്യുമ്പോഴും ഒരു ആംഗലേയ ചുവയുമുണ്ട്. കയറ്റി വെട്ടിയ മുടിയും സോഡാ കുപ്പി കണ്ണടയും. പോരെ പൂരം. ആര്ക്കായാലും ഒന്ന് പിറനാള് കലക്കി മറിക്കാന് തോന്നും. പിന്നെ അല്ലെ വിനോയ്. ഒരു നട്ടപാതിരയക്ക് ഹോസ്റ്റല് മുറിയുടെ അരണ്ട വെളിച്ചത്തില് ഇരിക്കുമ്പോള് തോന്നിയാതാ 'ബര്ത്ത് ഡേ ഗിഫ്റ്റ്' ഐഡിയ.

  അങ്ങനെ ഹാപ്പി ബര്ത്ത് ഡേ വന്നെത്തി. എം.സി. ജെ ക്ക് ജോയിന് ചെയ്തവരെ ഒക്കെ റിപ്പോര്ട്ടര് ആക്കിയേ അടങ്ങൂ എന്ന വാശിയില് ചാക്കപ്പന് സര് ഘോരഘോരം 'വാട്ട് അം ട്രയിംഗ് ടൂ സെ ഈസ്..' എന്ന് നൂറ്റി ഒന്നു തവണ മൊഴിഞ്ഞു ഇറങ്ങിയാതെ ഉള്ളൂ.  (ക്ഷമിക്കണം; കോഴ്സ് തുടങ്ങി ആദ്യ ദിനങ്ങളിലൊക്കെ ഞങ്ങള് കൃത്യ     മായി സെന്റെന്സ് എത്ര പ്രാവശ്യം സര് പറയുന്നുണ്ടെന്ന് എന്നിയിരുന്നു. അന്നേ  ദിവസം എണ്ണാന് പറ്റിയില്ല).

  ഏതായാലും കോഴ്സ് തുടങ്ങിയതിനു ശേഷമുള്ള ആദ്യത്തെ ചടങ്ങ് ആണ്. മോശമാകേണ്ട എന്ന് വിചാരിച്ചു എല്ലാവരും ചുറ്റും കൂടി നില്ക്കുന്നു.

'ആശ മുന്നോട്ടു വരൂ' വിനോയുടെ ഗംഭീര ശബ്ദം ചെനക്കലങ്ങാടിയില് ഭാസ്കരേട്ടന്റെ കട വരെ എത്തിയിട്ടുണ്ടാകും.
അല്പം നാണം ഒക്കെ വരുത്തി, ഒരു ചെറിയ ജാഡ ചിരിയോടെ ആശ മുന്നിലെത്തി.

"നമ്മുടെ ഒരു എളിയ ഉപഹാരമാണ്, നമുക്ക് ഇങ്ങനെ ഒക്കെ ചെയ്യാനേ പറ്റൂ.." ഒരു റിബ്ബണ് കെട്ടിയ പൊതി ആശയുടെ കൈകളിലേക്ക് വച്ച് വിനോയ് പിന്നിലേക്ക് നടന്നു.
ഒരു കോഴ്സ് തുടങ്ങിയപ്പോള് ഒരു ആണ്കുട്ടി ഒരു പെണ്കുട്ടിക്ക് കൊടുത്ത സമ്മാനം കാണാന് പെണ്പട തിക്കിത്തിരക്കി മുന്നിലെത്തി. ഹോസ്റ്റലില് പോയിട്ട് അതിനെക്കുറിച്ച് സംസാരിക്കനുല്ലതാ. അപ്പൊ പൊതി അഴിക്കുമ്പോ ആദ്യം തന്നെ കാണണം.

  ആകെ നിശബ്ദത.
  ലാബില്  പി ടി ടെര്മിനല് ഓണ് ചെയ്ത ശബ്ദം പോലും ഇല്ല!

ആശ പതുക്കെ റിബ്ബണ് അഴിച്ചുമാറ്റി പൊതി തുറന്നു.
സമ്മാനം കാണാന് ആള്കാരുടെ ഇടയിലൂടെ തല ഉള്ളിലെക്കിട്ടു നോക്കുകയാണ് പെണ്പട മുഴുവനും.

"ഹെന്റെ അമ്മോ....!!!"

"അയ്യോ.....!!!"

പൊതി തുറന്നതും,സുന്ദരിമാര് ഒക്കെ ഓടി ചെയര് ന്റെ മുകളില് കയറി. ചിലര് കരയുന്നു ചിലര് ചിരിക്കുന്നു, പക്ഷെ എല്ലാവരും ബഞ്ചില് കയറി. ആരും കാലു നിലത്തു വച്ചില്ല. ആണ് പട ഏറ്റവും പുറകില് മീശ തടവിക്കൊണ്ട് പുഞ്ചിരി പൊഴിക്കുന്നു.

  പ്രത്യേകിച്ച് ഒന്നും ഉണ്ടായില്ല. പൊതിക്ക് ഉള്ളില് ഒരു തവള കുഞ്ഞു ആയിരുന്നു. അതായിരുന്നു റിബ്ബണ് ഇട്ടു ഗിഫ്റ്റ് പേപ്പറില് കൊണ്ട് വന്നത്.

  പൊതി തുറന്നപ്പോള് സുന്ദരിമാരെ കണ്ട തവളക്കുഞ്ഞു ഒരു ചാട്ടം ചാടി. അതിനറിയില്ലല്ലോ എം സി ജെ വിഭാഗത്തിലെ അച്ചടക്കം.

വരട്ടെ, കഴിഞ്ഞില്ല. ക്ലൈമാക്സ് അതല്ലേ.

പിറന്നാള് സമ്മാനം വാങ്ങിയ ആശ തവളയെ കണ്ടു എവിടെ പോയി ഒളിച്ചു?
എങ്ങു പോയി?

ഒന്നും സംഭവിച്ചില്ല. പൊതിയും പിടിച്ചു അതെ പൊസിഷനില് ആശ നില്ക്കുന്നു.
ഒന്നും സംഭവിക്കാത്തത് പോലെ ഗിഫ്റ്റ് പേപ്പര് ഭംഗി ആസ്വദിക്കുന്നു.

എന്തുപറ്റി?
 തവളയെ പേടിയില്ലാത്ത പെണ്ണോ? 

അതൊന്നുമല്ലേ...
ഹോസ്റ്റലില് ഗിഫ്റ്റ് പ്ലാന് ചെയ്തു എന്ന് കേട്ടപ്പോഴേ ആശ ഇതൊക്കെ തന്നെ ആയിരുന്നു പ്രതീക്ഷിച്ചത്. ബഞ്ചില് ഓടി കയറിയവര് ഒഴികെ.
പാമ്പിനെ പ്രതീക്ഷിച്ചു തവളയെ കിട്ടിയ നിരാശ ഉണ്ടോ കണ്ണുകളില്?

                *                            *                                   *
സിനിമ കഴിഞ്ഞു തിയേറ്ററില് നിന്ന് പുറത്തേക്കിറങ്ങുമ്പോള് പത്രക്കാരോട് രാജപ്പന് പറയുന്നു;
"ഞാനല്ല....ഉദയനാണ് താരം..."
ആരാണ് ശരിക്ക് താരം?
ഉദയനാണോ രാജപ്പനാണോ അതോ തവളയോ....!
                                                                                                  (തുടരും)